തലശ്ശേരി : എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് പി പി ദിവ്യ. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്പെൻഷനും ആയുധമാക്കി പ്രതിഭാഗം. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ.
യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ ഉചിതമല്ലെന്ന് സമ്മതിക്കുന്നുവെന്നും പ്രതിഭാഗം. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പുരോഗമിക്കുന്നു. ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം പറഞ്ഞു.
ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയിൽ തന്നെ പറയുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദത്തിലും ഇക്കാര്യം സൂചിപ്പിച്ചു. ഉദ്ദേശമില്ലാത്ത പ്രവർത്തി കുറ്റമായി കണക്കാക്കാമോ? പ്രശാന്തനെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ കൈക്കൂലി നൽകിയെന്ന് പറയുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടറുടെ അന്വേഷണത്തിലും മൊഴിയുണ്ട്. ആറാം തീയതി കൈക്കൂലി നൽകിയെന്നാണ് മൊഴിയെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എൻഒസി അപേക്ഷ നൽകിയത് 2023ലാണ്. പ്രശാന്തനും നവീൻ ബാബുവും തമ്മിൽ ഫോൺ കോൾ ഹിസ്റ്ററിയുണ്ട്. നവീൻ ബാബു പ്രശാന്തനെ വിളിച്ചിട്ടുണ്ട്. 23 സെക്കൻഡ് മാത്രമാണ് സംസാരിച്ചത്. അടുത്ത കോൾ പ്രശാന്തൻ നവീൻ ബാബുവിനെ വിളിച്ചു. വീണ്ടും നവീൻ ബാബു 12.48 ന് തിരിച്ചു വിളിച്ചു. എഡിഎം എന്തിന് പ്രശാന്തനെ വിളിച്ചുവെന്ന് പ്രതിഭാഗം ചോദിച്ചു. പിന്നീട് ഇരുവരും ഒരു ടവർ ലൊക്കേഷനിൽ വന്നുവെന്നും സി സി ടി വി ദൃശ്യങ്ങളും കണ്ടതിന് തെളിവായുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.
അതേസമയം മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു.
കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണ്. ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.