ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സിപിഎം പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല വഹിക്കും . പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം.24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും.
സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരമാണ് ചുമതല നല്‍കിയത്. പോളിറ്റ് ബ്യൂറോ ശുപാര്‍ശ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കും. ഇതിനു പുറമെ ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ആകും. അതേസമയം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.
നിലവില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, 2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 ഏപ്രില്‍ 11നാണ് ജനറല്‍ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2008 ഏപ്രില്‍ 3ന് കോയമ്പത്തൂരില്‍ വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും, 2012 ഏപ്രില്‍ 9നു കോഴിക്കോട് വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2015ല്‍ പ്രകാശ് കാരാട്ടിനു പിന്‍ഗാമിയായാണ് സീതാറാ യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. ഭാര്യ വൃന്ദാ കാരാട്ട് സിപിഎം പിബി അംഗമാണ്.