ന്യൂഡൽഹി:വിവാദമായ കോടതിയലക്ഷ്യകേസിൽ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു.സെപ്തംബർ 15ന് അകം പിഴയടക്കാനാണ് നിർദേശം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ലഭിക്കും.കോടതിയിൽ സമർപ്പിക്കേണ്ട പ്രസ്‌താവനകൾ ഭൂഷൺ വാർത്താമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിലെ അതൃപ്‌തി ജഡ്‌ജിമാർ പ്രകടമാക്കി.‘ഇത് കോടതിയെ കൂടുതൽ അപമാനിക്കുന്ന നടപടിയായി. അറ്റോർണി ജനറലിന്റെ വിവേകപൂർണ്ണമുള്ള നിർദേശം കൂടി പരിണണിച്ചാണ് വിധി.’കോടതി വ്യകതമാക്കി. പ്രശാന്ത് ഭൂഷണെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അറ്റോർണി ജനറൽ കെ കെ വേണുേഗാപാൽ നേിർദേശിച്ചിരുന്നത്
ഭൂഷൺ ഗുരുതരമായ ക്രിമിനൽ കോടതിഅലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വിറ്റര്‍ കുറിപ്പുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് അരുൺ മിശ്ര സപ്തംബർ രണ്ടിന് വിരമിക്കാനിരിക്കെയാണ് വിധി. ജ.ബി ആർ ഗവായ്, ജ.കൃഷ്‌ണ മുരാരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്‌ജിമാർ.
നേരത്തെ സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസുമാർക്കും എതിരെയുള്ള എല്ലാ ആരോപണവും പിൻവലിച്ചാൽ ദയാപൂർവമായ നിലപാടെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ മാത്രമേ മാപ്പ് പറയുകയുള്ളുവെന്ന ഉറച്ച നിലപാട് പ്രശാന്ത് ഭൂഷൺ കോടതിയിൽ സ്വീകരിച്ചു.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിന് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ട്വീറ്റുകളിലെ പരാമർശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്.