ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മുസ്‌ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. 21കാരിയായ ബാനു ബീഗത്തെയാണ് കത്തിച്ചത്. കര്‍ണാടക, ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലാണ് സംഭവം നടന്നത്.
ബാനു ബീഗവും അതേ ഗ്രാമത്തിലുള്ള സയാബന്ന ഷര്‍നപ്പാ കോന്നൂര്‍ (24) എന്ന ദലിത് യുവാവും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ബാനുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിച്ചു. ഇതോടെ വിവാഹ ശേഷം ഗോവയിലേക്ക് പോകാന്‍ ബാനുവും ഷര്‍നപ്പയും തീരുമാനിച്ചു. എന്നാല്‍ ബാനുവിന്റെ വീട്ടുകാര്‍ ഷര്‍നപ്പക്കെതിരെ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോസ്‌കോ ചുമത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും നാട്ടില്‍നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ജൂണ്‍ 3ന് ബാനു വീട്ടിലേക്ക് തിരിച്ചത്തുകയും ചെയ്തു. അപ്പോള്‍ ബാനു ഗര്‍ഭിണിയായിരുന്നു. അങ്ങിനെയെങ്കിലും തങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുമെന്നായിരുന്നു ദമ്പതികളുടെ പ്രതീക്ഷ. വീട്ടുകാര്‍ മനസ് മാറ്റിയില്ല. അവര്‍ സയബാനയെയും ബാനുവിനെയും ക്രൂരമായി ഉപദ്രവിച്ചു. ബാനുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പൊലീസില്‍ പരാതിപ്പെട്ട സയാബന പൊലീസുമായി എത്തുമ്പോഴേക്കും വീട്ടുകാര്‍ ബാനുവിനെ ജീവനോടെ കത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവില്‍പോയ രണ്ടു സഹോദരിമാര്‍ക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.