കൊച്ചി: ക്യാമ്പസ്സില്‍ പ്രേമം പോലുള്ള സിനിമകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു. ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ‘പ്രേമം’ സിനിമയ്ക്കും പങ്കുണ്ടെന്ന ഡിജിപിയുടെ പ്രസ്താവന സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
പ്രേമം പോലുള്ള സിനിമ എങ്ങിനെയാണ് അക്രമ വാസന പ്രചരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രേമത്തെ കുറ്റം പറയാതെ പ്രതികളെ പിടിക്കാന്‍ നോക്ക് സാറെ എന്നാണ് സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍ ഇത് സംബന്ധിച്ച് ഫേസ് ബുക്കില്‍ കമന്റിട്ടത്. മലയാള സിനിമയില്‍ റെക്കോര്‍ഡ് വിജയം നേടിയ പ്രേമത്തിനെതിരെ പോലീസ് മേധാവി വിമര്‍ശനവുമായി എത്തിയത് പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ കൊലപാതക കേസ് അന്വേഷകരെ സമര്‍ത്ഥമായി കബളിപ്പിക്കുന്ന നായകന്റെ കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിനെതിരെയും ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.