ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിെന്‍റ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ നടത്തിവരുന്നുണ്ട്. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് കോണ്‍ഗ്രസിനും ഇടതിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെല്ലാം പൊതുവെ സ്വീകാര്യനായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും െഎ.എ.എസുകാരനും നയതന്ത്രജ്ഞനുമാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി. ചര്‍ച്ചകളില്‍ തെന്‍റ പേര്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യം നിഷേധിച്ചില്ലെങ്കിലും, അതേക്കുറിച്ച് ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്നതിനാല്‍ അഭിപ്രായം പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.
മഹാത്മ ഗാന്ധിയുടെ ഇളയ മകന്‍ ദേവദാസ് ഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനാണ് 71കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1968 മുതല്‍ 1992 വരെ ഇന്ത്യന്‍ സിവില്‍ സര്‍വിസിലായിരുന്നു. ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും രാഷ്ട്രപതിയുടെ ജോ. സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ സാംസ്കാരിക വിഭാഗം മിനിസ്റ്ററായി പ്രവര്‍ത്തിച്ചു. ലണ്ടനിലെ നെഹ്റു സെന്‍റര്‍ ഡയറക്ടറുമായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ ഹൈകമീഷണര്‍. ശ്രീലങ്ക, നോര്‍വേ, െഎസ്ലന്‍ഡ് എന്നിവിടങ്ങളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി. 2004 മുതല്‍ 2009 വരെയാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നത്. നിരവധി പുസ്തകങ്ങള്‍ എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുള്ള ഗോപാല്‍കൃഷ്ണ ഗാന്ധി അറിയപ്പെടുന്ന മനുഷ്യാവകാശ, ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനാണ്.ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഝാര്‍ഖണ്ഡ് ഗവര്‍ണറും ആദിവാസി വനിത നേതാവുമായ ദ്രൗപതി മുര്‍മുവിെന്‍റ പേര് ബി.ജെ.പി ക്യാമ്പില്‍നിന്ന് സജീവമായി ഉയരുന്നുണ്ട്.
2012 ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചിരുന്നു. മമതയുടെ പിന്തുണയും ഇപ്പോഴത്തെ നീക്കത്തിനുണ്ട്. അടുത്തയാഴ്ച സോണിയ മമതയുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആര്‍എസ്എസ് പശ്ചാത്തലമുള്ള ആരെയെങ്കിലുമാണ് ഭരണപക്ഷം നിര്‍ത്തുന്നതെങ്കില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ ഉചിതമായ സ്ഥാനാര്‍ഥിയായിരിക്കുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.