ദില്ലി:അടുത്തമാസം 17ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ കക്ഷിയായ ബിജെപിയുടെ ഉന്നതാധികാര സമിതി പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കൂടിക്കാഴ്ച നടത്തിയത്.
സഖ്യകക്ഷികളുമായും പ്രതിപക്ഷവുമായും ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയ മൂന്നംഗ ബിജെപി സമിതി, ചര്‍ച്ചയുടെ ആദ്യഘട്ടമായാണ് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കി പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ തേടിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ സ്ഥാനാര്‍ഥിയുടെ പേരുകളൊന്നും ചര്‍ച്ചയില്‍ വിഷയമായില്ലെന്നാണറിയുന്നത്.സോണിയാഗാന്ധിക്കൊപ്പം മുതിര്‍ന്ന നേതക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ‘ബിജെപി പ്രതിനിധികള്‍ ആരുടെയും പേര് മുന്നോട്ടുവെച്ചില്ലെന്നും അതുകൊണ്ടുതന്നെ കൂടിക്കാഴ്ചയില്‍ സമവായത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും’ നേതാക്കള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് എതിര്‍പ്പുകളില്ലാതെ ഏകകണ്ഠമായി നടത്താണ് ഭരണകക്ഷിയിലെ പ്രമുഖരായ ബിജെപിയുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ അബ്ദുള്‍ കലാം, പ്രതിഭ പാട്ടീല്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുമ്പോള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നും ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചതെന്നും ബിജെപി പറയുന്നു. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവിനെതിരെ അന്ന് ആരോപണമുണ്ടായിരുന്നതും ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍, പ്രതിപക്ഷവുമായി സമവായമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി ചര്‍ച്ച നടത്തുന്നത് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അവരുടെ നിലപാട് അറിയാനാണ്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുമായി ആലോചിച്ച് സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേസമയം, സ്ഥാനാര്‍ഥി ആരെന്നു പറയാതെ സമവായ ചര്‍ച്ചയില്‍ അര്‍ഥമില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. എന്‍ഡിഎ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണെങ്കിലും രാഷ്ട്രപതി നിയമനം തെരഞ്ഞെടുപ്പില്ലാതെ നടത്താനായാല്‍ അത് സര്‍ക്കാരിന് നേട്ടമാകും. പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്നയാളെ പരിഗണിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.