സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു മുന്നണിയുടെയും ഭാഗമാകാതെ നിൽക്കുന്ന കേരള കോൺഗ്രസ് എമ്മിന്റഎയും കെ.എം മാണിയുടെയും പിൻതുണ തേടാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രങ്ങൾ വിജയം കണ്ടതായി സൂചന. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ.എം മാണിയുടെയും, കേരള കോൺഗ്രസ് എംഎൽഎമാരുടെയും പിൻതുണ ബിജെപി സ്ഥാനാർഥി രാം നാഥ് കോവിന്ദിനാവുമെന്ന സൂചന. കേരള കോൺഗ്രസിന്റെ ആര് എംഎൽഎമാരുടെയും, ഒരു എംപിയുടെയും പിൻതുണ ബിജെപി സ്ഥാനാർഥിയ്ക്കാണെന്ന സൂചനയാണ് ഇപ്പോൾ കേരള കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്.
ജിഎസ്ടി ഉദ്ഘാടന സെഷനിൽ കേരള കോൺഗ്രസ് ചെയർമാനും മുൻധനമന്ത്രിയുമായ കെ.എം മാണിയെ ബിജെപി പ്രത്യേകം ക്ഷണിച്ചിരുന്നു. ഈ സെഷനിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചയിൽ കേരളത്തിൽ ബിജെപിയുടെ സഖ്യകക്ഷിയാകാനുള്ള സന്നദ്ധത ബിജെപി ദേശീയനേതൃത്വത്തെ കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി അറിയിച്ചതായാണ് സൂചന. കേരള കോൺഗ്രസിന്റെ എംപിയും കെ.എം മാണിയുടെ മകനുമായ ജോസ് കെ.മാണിയെ ബിജെപിയുടെ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് ഇപ്പോൾ കേരള കോൺഗ്രസിനു ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പിൻതുണയ്ക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർഥിയെ പിൻതുണയ്ക്കണമെന്നു തീരുമാനിച്ചിട്ടില്ലെന്നാണ് നേരത്തെ കേരള കോൺഗ്രസ് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ജിഎസ്ടി യോഗത്തിൽ കെ.എം മാണി നേരിട്ടു പങ്കെടുത്തതോടെയാണ് കേരള കോൺഗ്രസ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ പിൻതുണയ്ക്കുമെന്ന ഏകദേശ ധാരണ ലഭിച്ചത്.
ഏതു വിധേനയും കേരളത്തിൽ അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപി കേരള കോൺഗ്രസ് എമ്മിനെ കൂടെക്കൂട്ടി കേരളം പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ പിൻതുണ ഉറപ്പാക്കിയാൽ ക്രൈസ്തവ സഭകളും തങ്ങൾക്കൊപ്പം നിൽക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.