ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം.വിജയിയെ 20ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും. 25ന് പുതിയ രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നോമിനേറ്റഡ് അംഗങ്ങള്‍ ഒഴികെ ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാരും വിവിധ സംസ്ഥാന നിയമസഭകളിലെ എം.എല്‍.എമാരും അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. 776 എം.പിമാര്‍ക്കും 4120 എം.എല്‍.എമാര്‍ക്കുമാണ് വോട്ടവകാശം.
പാര്‍ലമെന്റിലെ 62ാം നമ്ബര്‍ മുറിയിലാണ് വോട്ടെടുപ്പ് . പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട് ചെയ്യും. വിജയം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ഉറപ്പാണ്. ബാലറ്റ് പേപ്പറില്‍ മീരാ കുമാറിന്റെ പേരാണ് ആദ്യമുള്ളത്. എം.പിമാരുടെ ബാലറ്റ് പേപ്പറിന് പച്ച നിറവും എം.എല്‍.എമാരുടേതിന് പിങ്ക് നിറവുമാണ്.
കമ്മിഷന്‍ നല്‍കുന്ന വയലറ്റ് നിറത്തിലുള്ള പേന ഉപയോഗിച്ച് വേണം വോട്ട് രേഖപ്പെടുത്താന്‍. പേന മാറിയാല്‍ വോട്ട് അസാധുവാകും. കൃഷി മന്ത്രാലയ അഡിഷണല്‍ സെക്രട്ടറി ഉത്പല്‍ കുമാര്‍ സിംഗിനെയും വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഇ.വി.എസ്.എന്‍. പ്രസാദിനെയും നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് 23ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ യാത്രഅയപ്പ് നല്‍കും. രാഷ്ട്രപതി ഭവനില്‍ പുതിയ അവകാശി എത്തുന്നതോടെ അദ്ദേഹം രാജാജി മാര്‍ഗിലെ പത്താം നമ്ബര്‍ വസതിയിലേക്ക് മാറും.