
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. രാവിലെ 9.30ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തി, അവിടെനിന്ന് റോഡുമാർഗം മാതാ അമൃതാനന്ദമയീമഠത്തിലേയ്ക്കു പോയി . അവിടെ ചടങ്ങിൽ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.സ്ഥലം എം.എല്‍.എകൂടിയായ പ്രതിപക്ഷ നേതാവിനെയും എം.പി. കെ.സി വേണുഗോപാലിനെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഹെലിപ്പാഡില്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളില്ല. മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു.ഉച്ചയ്ക്ക് ഒന്നേകാലിന് രാഷ്ട്രപതി ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഡൽഹിക്കു മടങ്ങും.അമൃതാനന്ദമയി മഠത്തിലെ ദർശന ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.