ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്കു 12.15നു നടക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.എഴുപത്തിയൊന്നുകാരനായ രാംനാഥ് കോവിന്ദ് ഏറ്റവും ലളിതമായ ജീവിത ചുറ്റുപാടുകളില്‍നിന്നാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചേരുന്നത്. മൃദുഭാഷിയായ, വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന രാംനാഥ് ദുഷ്‌കരമായ ജീവിതപാത താണ്ടിയാണ് അര്‍ഹമായ വിജയങ്ങള്‍ നേടിയെടുത്തത്. ”കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് അദ്ദേഹം വിജയപാത വെട്ടിത്തെളിച്ചത്. നിയമബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഐഎഎസ് വേണ്ടെന്നുവയ്ക്കുകയായിരുന്നു” എന്നാണ് 1996-2008 കാലയളവില്‍ രണ്ടുതവണ രാജ്യസഭാ എംപിയായിരുന്ന രാംനാഥിന്റെ പിആര്‍ഒയായി പ്രവര്‍ത്തിച്ച അശോക് ത്രിവേദി പറയുന്നത്. ”അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ ലൡതമാണ്. സാധാരണ ഭക്ഷണം മതി. മധുരത്തോട് അത്ര താല്‍പര്യമില്ല. ഞങ്ങളെല്ലാവരുമായും അദ്ദേഹം നല്ല ബന്ധം നിലനിര്‍ത്തിപ്പോന്നു. എന്റെ ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് 2012 ലാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം വീട്ടില്‍ വന്നത്,” ത്രിവേദി ഓര്‍മിക്കുന്നു.
രാംനാഥിനെ അടുത്തറിയുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും മാത്രമാണ് പറയാനുള്ളത്. ഇവരിലൊരാളാണ് കുസുമ റാഥോര്‍. പതിനഞ്ച് വര്‍ഷമായി കല്യാണ്‍പൂരിലെ രാംനാഥിന്റെ ചെറുവീട് നോക്കിനടത്തുന്നത് കുസുമയാണ്. ”അദ്ദേഹത്തിന്റെ രണ്ട് മക്കളും നല്ല നിലയിലാണ്. മകനും മകളും വിവാഹിതരാണ്. അധികാരത്തിന്റെ ഒരുതരത്തിലുള്ള അഹങ്കാരവും പ്രകടിപ്പിക്കാത്തയാളാണ്. എംപി എന്ന നെയിംപ്ലേറ്റ് മാത്രമാണ് ഇതിന് അപവാദം.”
സ്ഥാനമൊഴിയുന്ന പ്രണാബ് മുഖര്‍ജിയോടൊപ്പം രാഷ്ട്രപതിഭവനില്‍നിന്ന് പ്രത്യേക രഥത്തിലാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്‍റിലെത്തുക. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ രാഷ്ട്രപതിക്ക് പ്രണാബ് കസേര മാറിക്കൊടുക്കും. ചടങ്ങ് പൂര്‍ത്തിയായാലുടന്‍ 21 പീരങ്കിവെടികളുടെ സല്യൂട്ട് നടക്കും. തുടര്‍ന്ന് പുതിയ രാഷ്ട്രപതി പ്രസംഗിക്കും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാഷ്ട്രപതിഭവനു മുന്നിലെ വിശാലമായ മുറ്റത്ത് പുതിയ രാഷ്ട്രപതിക്ക് മൂന്നു സേനാവിഭാഗങ്ങളും സംയുക്തമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പ്രണാബ് മുഖര്‍ജിയെ പുതിയ രാഷ്ട്രപതിയുടെ അകന്പടിയോടെ ഒൗദ്യോഗിക വസതിയായ രാജാജി മാര്‍ഗിലെ പത്താം നന്പര്‍ വസതിയില്‍ കൊണ്ടുചെന്നാക്കും. പ്രതിരോധ-ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇരുവരെയും അനുഗമിക്കം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമും രാജാജി മാര്‍ഗിലെ ഇതേ വസതിയിലായിരുന്നു വിരമിച്ചശേഷം താമസിച്ചിരുന്നത്.
ചരിത്രം വഴിമാറുന്ന നിമിഷം…
ജനതാഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ സെക്രട്ടറി, സുപ്രീംകോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി…. ഉന്നത പദവികള്‍ ഒന്നിനു പുറകെ ഒന്നായി തേടിയെത്തിയപ്പോഴും രാംനാഥ് കൂടുതല്‍ എളിയവനാവുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ഭൂരിപക്ഷം നേടി വിജയിച്ചപ്പോഴും ഈ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.
”നിരവധി കോവിന്ദുമാര്‍ ഒരുനേരത്തെ ഭക്ഷണത്തിനായി മഴ നനഞ്ഞും മറ്റും പണിയെടുക്കുകയാണ്. ഇവരുടെ പ്രതിനിധിയായാണ് ഞാന്‍ രാഷ്ട്രപതിഭവനിലേക്ക് പോവുകയെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള എന്റെ നിയമനം സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കാനുള്ള സന്ദേശമാണ്.
രാഷ്ട്രപതിയാവുകയെന്നത് ഒരിക്കലും എന്റെ സ്വപ്‌നമായിരുന്നില്ല. രാജ്യത്തോടുള്ള ആരാധനയാണ് എന്നെ ഇവിടെവരെ എത്തിച്ചിരിക്കുന്നത്. പുതിയ പദവി വലിയ ഉത്തരവാദിത്വമാണ്.” പ്രഗല്‍ഭരായ പലരെയും നമുക്ക് രാഷ്ട്രപതിമാരായി ലഭിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ പറയുന്ന പ്രഥമപൗരന്‍ ഇതാദ്യമാണ്.
ദളിതരുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ചരിത്രമുണ്ട് രാംനാഥ് കോവിന്ദിന്. 1997 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ്ഗ സര്‍ക്കാര്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ചില ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇതിനെതിരായ സമരത്തില്‍ രാംനാഥ് പങ്കുചേര്‍ന്നു. പിന്നീട് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ഭരണഘടനാ ഭേദഗതികൡലൂടെ ഈ ഉത്തരവുകളെ മറികടക്കുകയുണ്ടായി. പ്രധാനപ്പെട്ട പാര്‍ലമെന്ററി സമിതികളില്‍ രാംനാഥ് അംഗമായി പ്രവര്‍ത്തിച്ചു. പട്ടികജാതി-വര്‍ഗ ക്ഷേമം, ആഭ്യന്തരം, നിയമം നീതി എന്നിവ ഇതില്‍പ്പെടുന്നു.
രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, ഭരണ നൈപുണ്യവും രാംനാഥിന് വേണ്ടുവോളമുണ്ട്. ലക്‌നൗവിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡംഗം, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഗവര്‍ണര്‍ ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തായ്‌ലാന്റ്, നേപ്പാള്‍, പാക്കിസ്ഥാന്‍, സിങ്കപ്പൂര്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.
മികച്ച അഭിഭാഷകനായി അറിയപ്പെടുന്ന രാംനാഥ് 1980-1993 കാലയളവില്‍ സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സലായിരുന്നു. എല്ലാറ്റിനുമുപരി അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ പൊതുജീവിതത്തിന് ഉടമ. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയാറുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇത്തരമൊരു മുഹൂര്‍ത്തമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണം സമ്മാനിക്കുന്നത്.