ന്യൂഡല്‍ഹി : രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല ദര്‍ശനത്തിന് എത്തില്ല. പൊതുഭരണ വകുപ്പിന് നല്‍കിയ യാത്രാപരിപാടിയില്‍ ശബരിമല ദര്‍ശനം ഇല്ല. ജനുവരി ആറിന് കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഒന്‍പതാം തിയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് നേരത്തെ ലഭിച്ച വിവരം. ദര്‍ശനത്തിനെത്തുന്ന സമയത്തെ സുരക്ഷ സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസ് സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ വകുപ്പുകള്‍.എന്നാല്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനായി സന്നിധാനത്ത് പുതിയ ഹെലിപാഡ് അടക്കം മറ്റ് സാധ്യതകള്‍ തേടാനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രിസഡന്റ് എന്‍ വാസു രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു . ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിഗമനത്തില്‍ എത്തിയത്. ജനുവരി ആറിന് ദര്‍ശനം നടത്താന്‍ എത്തുന്നുവെന്ന് ഇന്നലെയാണ് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അറിയിച്ചത്.ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഹെലിപാഡും മറ്റ് സൗകര്യങ്ങളും ഒരുക്കതിന്റെ പ്രായോഗിക ബുദ്ധിമുട്ടാണ് സര്‍ക്കാരും പോലീസും ചൂണ്ടിക്കാട്ടുന്നത്. ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കുന്ന മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് മൂന്ന് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ശബരിമല ദര്‍ശനം എത്തുകയില്ലെന്ന് വിവരം പുറത്തുവരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്തതാണ് രാഷ്ട്രപതിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.