കൊച്ചി: മഞ്ഞപ്പടയെ കാട്ടി വിരട്ടേണ്ടെന്ന് അതലറ്റിക്കേ ടിമിലെ ബംഗാളി താരങ്ങള്‍. എന്നാല്‍ ഇത്തവണ നിരാശപ്പെടേണ്ടിവരില്ലെന്ന് സെമി ഫൈനലിലെ ഹീറോ സന്ദീപ് നന്ദിയുടെ ഉറപ്പ്.
ബ്ലാസ്റ്റേഴ്സില്‍ നിന്ന് സി.കെ വിനീത്, സന്ദീപ് നന്ദി എന്നിവരും കൊല്‍ക്കത്ത ടീമില്‍ നിന്ന് അബിനാഷ് റൂയിദാസ്, ജുവല്‍ രാജ എന്നിവരും. ഫൈനലിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങള്‍ തന്റെ സ്വന്തമാക്കുമെന്നായിരുന്നു വിനീതിന്റെ മറുപടി. കഴിഞ്ഞ തവണ നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാഞ്ഞതിന് ഇത്തവണ കപ്പ് സമ്മാനിച്ച് കണക്ക് തീര്‍ക്കുമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയുടെ വാഗ്ദാനം. എന്നാല്‍ മഞ്ഞപ്പടയെ പേടിക്കുന്നില്ലെന്നായി കൊല്‍ക്കത്തയുടെ ബംഗാളി താരങ്ങള്‍. മികച്ച് കളിക്കാന്‍ തങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും ഇതിന് മുമ്പ് ഏറ്റുമുട്ടിയത് ഏഴ് തവണയാണ്. നാല് തവണയും ജയം കൊല്‍ക്കത്തയ്ക്കൊപ്പമായിരുന്നു. ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം.
സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയ്ക്കെതിരെ സച്ചിന്റെ ബ്ലാസ്റ്റേഴ്സ് ആദ്യ സീസണില്‍ ഏറ്റുമുട്ടിയത് മൂന്ന് തവണയായിരുന്നു. കൊല്‍ക്കത്തയില്‍ ഓരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചുകയറി. പക്ഷേ, കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത, ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്തു. മുഹമ്മദ് റഫീഖിന്റെ ഇഞ്ചുറി ടൈം ഗോളിലായിരുന്നു അന്ന് വിജയം.
ആദ്യകിരീടം നേടിയ കൊല്‍ക്കത്തയ്ക്കെതിരെ രണ്ടാം സീസണില്‍ പകരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് തവണയും പിഴച്ചു. കൊച്ചിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിലും കൊല്‍ക്കത്തയില്‍ ഒന്നിനെതിരെ രണ്ട് ഗോളിനും തലകുനിച്ചു. ഈസീസണില്‍ ആദ്യ ഹോം മത്സരത്തിലും കൊല്‍ക്കത്തയ്ക്ക് മുന്നില്‍ യാവി ലാറയുടെ ഗോളില്‍ മഞ്ഞക്കുപ്പായക്കാര്‍ക്ക് അടിതെറ്റി. കൊല്‍ക്കത്തയില്‍ ഓരോ ഗോളടിച്ച് സമനില തെറ്റാതെ ഇരുവരും ഒപ്പത്തിനൊപ്പം. ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോററായ ഇയാന്‍ ഹ്യൂം ഗോള്‍ നേടാത്ത ഏക ടീമെന്ന തലയെടുപ്പോടെ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങുന്നു ആദ്യ കിരീടത്തിനായി.