പത്രസമ്മേളനത്തിനു പത്രക്കാർ കാത്തു നിന്നില്ല: സമ്മേളനം ബഹിഷ്‌കരിച്ചു ഷാനിമോൾ ഉസ്മാൻ; വാർത്താ സമ്മേളനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: 1500 രൂപ അടച്ച് പത്രസമ്മേളനത്തിനു പേര് രജിസ്റ്റർ ചെയ്ത ശേഷം എത്തിയപ്പോൾ പത്രക്കാരില്ലെന്നതിനെച്ചൊല്ലി എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ പരസ്യമായി പൊട്ടിത്തെറിച്ചു. മലയാളത്തിലെ പ്രമുഖ ചാനലുകളിലെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും ഇല്ലെന്നതിനെച്ചൊല്ലിയാണ് ഷാനിമോൾ ഉസ്മാൻ പൊട്ടിത്തെറിച്ചത്. എന്നാൽ, ചാനൽ പ്രവർത്തകർ വാർത്ത കോപ്പിയെടുക്കാമെന്നു പറഞ്ഞിട്ടും ഷാനിമോൾ ഉസ്മാൻ തയ്യാറാകാതിരുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടർമാർ അവകാശപ്പെടുന്നത്.
ഇന്നലെ ഉച്ചയ്ക്കു 11 മണിയോടെയായിരുന്നു സംഭവങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണം അറിയിക്കുന്നതിനു വേ്ണ്ടിയാണ് മാധ്യമപ്രവർത്തകരെ കാണാൻ പ്രസ്‌ക്ലബിൽ ഷാനിമോൾ ഉസ്മാൻ എത്തിയത്. ഷാനിമോൾ ഉസ്മാൻ പ്രസ്‌ക്ലബിൽ എത്തിയപ്പോൾ പ്രാദേശിക പത്രപ്രവർത്തകരും, പ്രാദേശിക ചാനൽ ക്യാമറാമാൻമാരും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പ്രളയക്കെടുതി സന്ദർശിക്കുന്നതിനായി മന്ത്രി തോമസ് ചാണ്ടിക്കൊപ്പം പ്രമുഖ ചാനലുകളിലെ ക്യാമറാമാൻമാരും റിപ്പോർട്ടർമാരും പോയിരുന്നു. ഒരു മണിക്കൂറോളം സമയം ചാനലുകൾക്കു വേണ്ടി കാത്തിരുന്ന ഷാനിമോൾ പത്രസമ്മേളനം നടത്താതെ മടങ്ങുകയായിരുന്നു.
തുടർന്നു തന്റെ പ്രസ്താവനെ എഴുതി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ അമ്മ എന്ന താരസംഘടന പിരിച്ചുവിടണമെന്നായിരുന്നു അവരുടെ ആവശ്യം. അമ്മയുടെ പ്രസിഡൻറും ജനപ്രതിനിധിയുമായ ഇന്നസെൻറ് ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം പാടേ ലംഘിച്ചിരിക്കുകയാണ്. സ്വയം ബോധ്യമുള്ള ഒരു സംഭവത്തിൽ ഇടപെടാതെ എംഎൽഎമാരായ മുകേഷും കെ.ബി.ഗണേഷ്‌കുമാറും ഇന്നസെൻറ് എംപിയും ഗുരുതര കുറ്റമാണ് ചെയ്തത്. കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസ് അന്വേഷണത്തെക്കുറിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ പറഞ്ഞ കാര്യങ്ങൾ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും പറഞ്ഞ ഷാനിമോൾ തന്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ തയ്യാറാകാതിരുന്ന മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു.
ഇതോടെയാണ് മാധ്യമപ്രവർത്തകർ പ്രതികരണവുമായി രംഗത്ത് എത്തിയത്. സോ്ഷ്യൽമീഡിയയിൽ അടക്കംഷാനിമോൾക്കെതിരെ പത്രപ്രവർത്തകരും ചാനൽപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top