കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്‌മെന്റ്, സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനി പ്ലേ ട്രൂ വനിതാ കായികതാരങ്ങളുമായി കരാർ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്‌മെന്റ്, സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനിയായ പ്ലേ ട്രൂ അഞ്ച് വനിതാ കായികതാരങ്ങളുമായി കരാർ ഒപ്പിട്ടു. ഇതാദ്യമായാണ് കേരളത്തിൽ നിന്നും ഒരു പ്ലെയർ-മാനേജ്‌മെന്റ് കമ്പനി കായികതാരങ്ങൾക്കായി ഇത്തരമൊരു ശ്രമം നടത്തുന്നത്. വ്യത്യസ്ത കായികമേഖലയിൽ നിന്നുള്ള അഞ്ച് താരങ്ങൾക്ക് മികച്ച പരിശീലനവും ദേശീയ അന്തർദേശീയ മത്സരവേദികൾ സാധ്യമാക്കുന്നതിനുമായുള്ള ശ്രമവുമായിരിക്കും പ്ലേ ട്രൂ നടത്തുക. പ്രണതി നായർ (ടേബിൾ ടെന്നീസ്), വിദർശ വിനോദ് (റൈഫിൾ ഷൂട്ടിംഗ്), കെസിയ മിറിയം സബിൻ (ക്രിക്കറ്റ്), ശ്രേയ മേരി കമൽ (നീന്തൽ), ദിയ ഗിരീഷ് (ക്രിക്കറ്റ്) എന്നീ താരങ്ങളുമായാണ് പ്ലേ ട്രൂ ആദ്യ ഘട്ടത്തിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ താരങ്ങൾക്ക് ആവശ്യമുള്ള പരിശീലന സൗകര്യങ്ങളും മറ്റ് അനുബന്ധസഹായങ്ങളും കമ്പനി നിർവഹിക്കും.

ദേശീയ ജൂനിയർ ടേബിൾ ടെന്നീസ് താരമാണ് പ്രണതി, സംസ്ഥാന-ദേശീയ മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച റൈഫിൾ ഷൂട്ടറാണ് വിദർശ.ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയയായ ജൂനിയർ നീന്തൽ താരമാണ് ശ്രേയ. കെസിയയും ദിയയും അണ്ടർ 19 കേരള സംസ്ഥാന താരങ്ങളാണ്. ഇപ്പോൾ ബാംഗ്ലൂരിലെ പദുക്കോൺ-ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ പരിശീലിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മികച്ച ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്ലേ ട്രൂ ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് പ്ലേ ട്രൂവിന്റെ സിഇഒയും സഹസ്ഥാപകയുമായ സോണിയ അനിരുദ്ധൻ പറഞ്ഞു. ‘ചാമ്പ്യൻമാരെ സഹായിക്കുക’ എന്ന കാഴ്ചപ്പാടോടെ, ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികളായ ചാമ്പ്യൻമാരെ കണ്ടെത്തുന്ന പാത്ത്ബ്രേക്കേഴ്‌സ് എന്ന സ്ത്രീശാക്തീകരണ സംരംഭം പ്ലേ ട്രൂ കഴിഞ്ഞ വർഷം ആരംഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നും ആദ്യമായി ഒരു വനിതാ ക്രിക്കറ്റ് ടീം യു എ ഇ സന്ദർശിക്കുകയും അവിടുത്തെ വിവിധ ക്രിക്കറ്റ് ടീമുകളുമായി മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. ആ ടീമിൽ പങ്കെടുത്ത രണ്ടു വനിത താരങ്ങൾ കേരളത്തിന്റെ നിലവിലെ അണ്ടർ-19 ടീമിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

“മികച്ച പരിശീലനത്തിനും ഗുണമേന്മയുള്ള ഉപകരണങ്ങളും ശരിയായ പിന്തുണയുണ്ടെങ്കിൽ ഈ പെൺകുട്ടികൾക്ക് അവർ തിരഞ്ഞെടുത്ത മേഖലയിൽ ഉന്നതിയിലെത്താനുള്ള കഴിവുണ്ട്. അവർക്ക് ആവശ്യം പിന്തുണയാണ്. കരിയറിന്റെ തുടക്കത്തിൽ കിട്ടുന്ന ഈ പിന്തുണയാണ് അവർക്ക് പല മികച്ച അവസരങ്ങളും നേടി കൊടുക്കുക.നിർഭാഗ്യവശാൽ കേരളത്തിൽ അത്തരമൊരു അന്തരീക്ഷം ഇല്ല. കായികതാരങ്ങൾക്ക് മികച്ച പരിശീലനവും അവസരങ്ങളും ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം”, സോണിയ അനിരുദ്ധൻ പറയുന്നു.

Top