ചാരുംമൂട്: ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി വരുന്ന യുവതികളെ വലയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്ന പൂജാരിയെ പോലീസ് പൊക്കി.വിവാഹിതയും മക്കളുള്ളതുമായ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരെ വിവാഹം കഴിക്കുകയും മൂന്നാമതായി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്ത പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കരുനാഗപ്പള്ളി ആദിനാട് രമേശ് (25) എന്ന യുവാവാണ് അറസ്റ്റിലായത്.
ഇയാള്‍ നടത്തിവന്ന വിവാഹ തട്ടിപ്പുകളെ കുറിച്ച അന്വേഷിച്ചു വരികയാണ് പോലീസ്. മുമ്പ് ഇയാള്‍ കണ്ടെത്തിയ പരസ്ത്രീ ബന്ധങ്ങളുടെ പേരില്‍ ഭാര്യമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും ഉണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് നൂറനാട് പുലിമേല്‍ സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടുപോയി എന്ന പേരില്‍ വീട്ടുകാര്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി വിവാഹം ചെയ്തെന്നായിരൂന്നു പരാതി. അന്വേഷണത്തില്‍ തേവലക്കരയിലെ ഒരു വാടക വീട്ടില്‍ നിന്നും പോലീസ് രമേശിനെ യുവതിക്കൊപ്പം തന്നെ പിടിച്ചിരുന്നു.
വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി നോക്കിയപ്പോഴെല്ലാം ഓരോ യുവതികളെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയുമായിരുന്നു രമേശിന്റെ പരിപാടി. മൂന്ന് വര്‍ഷം മുമ്പ് തേവലക്കരയിലുള്ള വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ സ്ത്രീയുമായി സ്നേഹത്തിലായതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു.
ഇതിന് ശേഷം ഇവരുമായി താമസിച്ചു വരികയായിരുന്ന രമേശ് പിന്നീട് മറ്റ് ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടയില്‍ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചതായി പറയുന്നു. ഇതിന് ശേഷമാണ് പുലിമേലുള്ള യുവതിയെ പരിചയപ്പെട്ടത്. അതേസമയം ഇയാള്‍ ഈ രീതിയില്‍ വേറെ വിവാഹത്തട്ടിപ്പ് നടത്തിയോയെന്ന് അന്വേഷിച്ചുവരികയാണ് പോലീസ്. ഇയാളെ ഇന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കും.