
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിഴിഞ്ഞം പദ്ധതിയിൽ അദാനിയുമായി സഹകരിച്ചാൽ ലാവ്ലിൻ കേസിൽ കേന്ദ്ര നിലപാട് ലഘൂകരിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യന്ത്രി പിണറായി വിജയനു ഉറപ്പു നൽകിയതായി സൂചന. ലാവ്ലിൻ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് ഇതിന്റെ ഭാഗമായാണെന്ന സൂചനയും ബിജെപിയോടു അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.
ഹൈക്കോടതി ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കെ, അദാനി ഗ്രൂപ്പ് വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് സന്ദർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പിണറായിയും – മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്നതും.
മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എത്തിയ പിണറായി വിജയനോടു മോദി ആവശ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടതായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിൽ മാറ്റം വരുത്തരുതെന്നും, വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കർക്കശ നിലപാട് ഇടതു സർക്കാർ ഉപേക്ഷിക്കണമെന്നുമായിരുന്നു പിണറായിക്കു മോദി നൽകിയ നിർദേശം. വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്തിനു കേന്ദ്രത്തിന്റെ വക കൂടുതൽ സഹായവും ഇദ്ദേഹം വാഗ്ദാനം ചെയ്തു.
ഇതൂ കൂടാതെയാണ് ലാവ്ലിൻ കേസിൽ സിബിഐ നിലപാട് ലഘൂകരിക്കാമെന്ന ഉറപ്പും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.