പ്രധാനമന്ത്രിയുടെ പ്രഖ്യാപനം: ഉണർവേകുക ബാങ്കിങ് മേഖലയ്ക്കു മാത്രം; ലക്ഷ്യം വായ്പാ വിതരണം

സ്വന്തം ലേഖകൻ

തൃശൂർ: രാജ്യം കാത്തിരുന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി ചില വായ്പ പദ്ധതികൾ മാത്രം പ്രഖ്യാപിച്ചത് നിലവിൽ മരവിപ്പിലായ ബാങ്കുകളെ ചലിപ്പിക്കാനുള്ള ഉപായം മാത്രമെന്ന് ബാങ്കിങ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ. ബജറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചുരുങ്ങിയ പലിശനിരക്കിൽ ചില വായ്പകൾ പ്രഖ്യാപിച്ചതിലൂടെ ബാങ്കുകളിൽ കുമിഞ്ഞുകൂടിയ പണം പുറത്തേക്ക് ഒഴുക്കാനും അതുവഴി ബാങ്കുകളുടെ പലിശ വരുമാനം വർധിപ്പിക്കാനുമുള്ള കുറുക്കുവഴിയാണ് മോദിയുടെ പ്രഖ്യാപനത്തിലൂടെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവംബർ എട്ടിന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയതിനു ശേഷം രാജ്യത്തെ ബാങ്കുകളിൽ ഇടപാടുകൾ ഏതാണ്ട് സ്തംഭനത്തിലാണ്. അസാധു നോട്ടുകൾ മാറ്റാനും പിന്നീട് നിക്ഷേപിക്കാനുമുള്ള തിരക്ക് കഴിഞ്ഞപ്പോൾ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാനുള്ള തത്രപ്പാടായി. അതിലപ്പുറം, ബാങ്കുകളുടെ നിലനിൽപിന് അടിസ്ഥാനമായ വായ്പ വിതരണം ഏതാണ്ട് നിലച്ചിരിക്കുകയാണ്.

നിക്ഷേപിച്ച പണത്തിനത്രയും പലിശ കൊടുക്കണം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടാണെങ്കിൽ നാലു ശതമാനവും അല്ലാത്ത അക്കൗണ്ടുകൾക്ക് അതിനനുസരിച്ചും പലിശ നൽകണം. നോട്ടുകൾ അസാധുവാക്കിയപ്പോൾ കുറെ പേർ നിലവിലുള്ള വായ്പ തിരിച്ചടക്കാനാണ് അസാധുപ്പണം ഉപയോഗിച്ചത്. ഈ ഇടപാടുകൾ കഴിഞ്ഞതോടെ ക്രയവിക്രയത്തിലെ പ്രധാന ഇനമായ വായ്പ വിതരണം നിലച്ചു. വായ്പ വിതരണം നിലച്ചാൽ പലിശ വരുമാനം കുറയും. ഈ അവസ്ഥ ബാങ്കുകളുടെ തകർച്ചയിലേക്ക് നയിച്ച അനുഭവങ്ങൾ ചില രാജ്യങ്ങളിലുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കുകൾ ലക്ഷ്യമിടുന്നതിനെക്കാളേറെ നിക്ഷേപം ഇതിനകം എത്തിക്കഴിഞ്ഞു. വായ്പ വിതരണമാകട്ടെ, കുത്തനെ താഴുകയും ചെയ്തു. മൂന്നും നാലും ശതമാനത്തിന് ഗ്രാമീണ മേഖലയിൽ ഭവന വായ്പ, കർഷകർക്ക് വായ്പ തിരിച്ചടവിൽ ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനങ്ങളെക്കൊണ്ട് വായ്പ എടുപ്പിക്കാനുള്ള സൂത്രത്തിലുപരി ഒന്നുമല്‌ളെന്ന് ബാങ്കിങ് വിദഗ്ധർ പറയുന്നു. ഒരു പ്രത്യേക കാലത്തേക്ക് ഒരു പരിധിവരെ വായ്പ നൽകിക്കഴിഞ്ഞാൽ പലിശ നിരക്ക് മാറ്റുകയുമാവാം.

50 ദിവസത്തിലധികമായി ചലനമറ്റു കിടക്കുന്ന ബാങ്കുകളെ പ്രവർത്തനക്ഷമമാക്കാൻ വഴിതേടുന്നതിലപ്പുറം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഒന്നുമില്‌ളെന്നു കരുതുന്നവരാണ് ബാങ്കിങ് രംഗത്തുള്ളവർ.

അതോടൊപ്പം, നോട്ട് അസാധുവാക്കലിന് അനുസൃതമായ തുടർപ്രഖ്യാപനങ്ങളോ നടപടികളോ ഇല്ലാതെപോയതും എത്ര നോട്ട് അച്ചടിച്ചുവെന്നും മറ്റുമുള്ള കണക്കുകൾ പറയാതിരുന്നതും അസാധുവാക്കൽ പരാജയമാണെന്നു പറയാതെ പറഞ്ഞതാണെന്നും അഭിപ്രായമുള്ളവരുമുണ്ട്.

Top