സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ
സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിന് പരോൾ.
70 വയസിന് മുകളിൽ പ്രായമുള്ള ഫാ. കോട്ടൂർ അർബുദ രോഗിയാണ്. രോഗം കൂടി പരിഗണിച്ചാണ് കോട്ടൂരിന് പരോൾ അനുവദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്കാണ് പരോൾ.അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭ്യമാകില്ല. ജയിലിൽ നിന്നും പരോളിൽ വിടുന്ന തടവുകാർ വീടുകളിൽ തന്നെ കഴിയണമെന്നും ജയിൽ ഡിജിപി നിർദേശം നൽകി.
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്കുമാണ് ഇളവ്. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും, 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പരോൾ അനുവദിച്ചിട്ടുണ്ട്.