![](https://dailyindianherald.com/wp-content/uploads/2019/02/priya12.jpg)
പൊളിറ്റിക്കൽ ഡെസ്ക്
ന്യൂഡൽഹി: സംസ്ഥാനത്തെ ഇരുപത് സീറ്റും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. കോൺഗ്രസിന്റെ സേഫ് സീറ്റായ എറണാകുളത്ത് പ്രിയങ്ക മത്സരിക്കണമെന്ന നിർദേശം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് മുന്നിൽ വച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രിയങ്കയുടെ നിലപാട് തിരുത്തണമെന്നും കേരളത്തിൽ തന്നെ മത്സരിക്കണമെന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. കേരളം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി തിരുവനന്തപുരം സീറ്റിൽ നിർമ്മല സീതാരാമനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസ് മറു തന്ത്രം പയറ്റുന്നത്.
കേരളത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കോൺഗ്രസ് നേതൃത്വം ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ, ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയാവാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് പ്രതിരോധത്തിലായത്. ഇതിനിടെ കേരളത്തിൽ നിർമ്മലാ സീതാരാമനെ മത്സരത്തിനിറക്കാനും, കേരളത്തിൽ കനത്ത മത്സരം നടത്താനും ബിജെപി തീരുമാനിച്ചതോടെയാണ് തന്ത്രം മാറ്റാൻ ഇപ്പോൾ കോൺഗ്രസും തീരുമാനിച്ചിരിക്കുന്നത്.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകണമെന്ന നിർദേശം ആദ്യം മുന്നോട്ട് വച്ചത് എ.സി വേണുഗോപാലായിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ടോം വടക്കനും, ശശി തരൂർ എംപിയും ഇതിനെ പിൻതാങ്ങുകയും ചെയ്തു.
തുടർന്നാണ് പ്രിയങ്കാ ഗാന്ധിയെ എറണാകുളത്ത് മ്ത്സരിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച ഉടലെടുത്തത്. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സമാപന സമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന. ഈ സമ്മേളനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തങ്ങളുടെ ആവശ്യം പ്രിയങ്കയെ അറിയിക്കും. ഇതിനുള്ള പ്രിയങ്കയുടെ മറുപടിയുടെ അടിസ്ഥാനത്തിലാവും തുടർ സീറ്റ് ചർച്ചകൾ ആരംഭിക്കുക. പ്രിയങ്കയ്ക്കായി എറണാകുളം സീറ്റ് ഒഴിച്ചിട്ടാവും ഇനി കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്ന സൂചനയും മുതിർന്ന കോൺഗ്രസ് നേതാവ് നൽകുന്നു.
ഇതിനിടെ പ്രതിസന്ധിയിലായ കോൺഗ്രസ് പാർട്ടി ഫണ്ട് കണ്ടെത്തുന്നതിനായി എല്ലാ പ്രവർത്തകരിൽ നിന്നും 100 രൂപ വീതം സമാഹരിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.