മുംബൈ: അഭിനയം പാഷനായി കരുതുന്നവര്‍ക്ക് പ്രിയങ്ക ചോപ്ര മാതൃകയാണ് അല്ലെങ്കില്‍ പ്രിയങ്ക പ്രചോദനമാണ്. എന്നാല്‍ തന്നെ പ്രചോദിപ്പിച്ചതും താന്‍ അഭിനേത്രിയായതിന്‍റെ കാരണവും അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയെന്ന് പ്രിയങ്ക.ശ്രീദേവിയെക്കുറിച്ച് ടൈം മാഗസീനിലെഴുതിയ കുറിപ്പിലാണ് ഇരുവരും തമ്മിലുണ്ടായിരുന്ന സ്നേഹത്തേക്കുറിച്ചും ശ്രീദേവി എങ്ങനെ തന്നെ പ്രചോദിപ്പിച്ചിരുന്നെന്നും പ്രിയങ്ക പറഞ്ഞത്. ആത്മാര്‍ത്ഥതയുടെയും കഴിവിന്‍റെയും ഹാര്‍ഡ് വര്‍ക്കിന്‍റെയും മുകളില്‍ കെട്ടിപ്പൊക്കിയ പാരമ്പര്യമാണ് ശ്രീദേവിയുടേതെന്നും അത് നമുക്ക് മുകളില്‍ ജീവിക്കുമെന്നും പ്രിയങ്ക കുറിച്ചു.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് ചലിക്കാന്‍ പറ്റിയില്ലെന്നും അവരുടെ സിനിമകളിലെ പാട്ടുകള്‍ കേള്‍ക്കുകകയും അവരുടെ ഇന്‍റര്‍വ്യു കാണുകയും അവരുടെ ഐക്കോണിക്ക് സീന്‍ വീണ്ടും വീണ്ടും കാണുക മാത്രമാണ് തനിക്ക് ചെയ്യാന്‍ കഴിഞ്ഞതെന്നും പ്രിയങ്ക പറയുന്നു.കഴിഞ്ഞ ഡിസംബറിലാണ് ശ്രീദേവിയെ അവസാനമായി കണ്ടതെന്നും തന്നെ മുറുക്കെ കെട്ടിപ്പിടിച്ച് മക്കളായ ജാന്‍വിയെക്കുറിച്ചും ഖുശിയെക്കുറിച്ചും അവര്‍ സംസാരിച്ചെന്നും പ്രിയങ്ക പറയുന്നു. വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെയാണ് അന്ന് അവര്‍ വിട പറഞ്ഞത് എന്നാല്‍ ആ വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.