ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാകുകയാണെന്നും വിവാഹഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുയിട്ടാണ് പ്രിയങ്കയുടെ വിവാഹം നടക്കുക.
തന്റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പ്രിയങ്ക ചോപ്ര. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ക് ജോനാസുമായുള്ള തന്റെ പ്രണയത്തെപ്പറ്റി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. 2017ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു.
2016ല്‍ നിക്ക് ആണ് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററില്‍ പ്രിയങ്കക്ക് വന്ന സന്ദേശമിങ്ങനെ; നമ്മള്‍ മീറ്റ് ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു. മെസേജ് കണ്ട പ്രിയങ്ക മറുപടി നല്‍കി; ട്വിറ്ററിലെ മെസേജുകള്‍ എന്റെ ടീമും വായിക്കുന്നുണ്ട്.
ഫോണില്‍ ബന്ധപ്പെടാന്‍ പറഞ്ഞ പ്രിയങ്ക നമ്പറും നല്‍കി. പിന്നീട് വാനിറ്റി ഫെയര്‍ ഓസ്‌കര്‍ പാര്‍ട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്രിയങ്കയെ ആദ്യമായി കണ്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പരസ്യമായി നിക്ക് മുട്ടുകുത്തി നിന്ന് ചോദിച്ചു, എവിടെയായിരുന്നു ഇത്രയും കാലം. അതിന് ശേഷമാണ് മെറ്റ് ഗാലയില്‍ ഇരുവരും ഒന്നിച്ചെത്തുന്നത്.
അന്ന് രാത്രി നിക്കിനെ പ്രിയങ്ക ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു അമ്മ മധു ചോപ്രയും അന്ന് പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. ”അന്ന് നിക്കുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ ചുംബിച്ചെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഞങ്ങള്‍ ചുംബിച്ചില്ല. പോകുന്നതിന് മുന്‍പ് പുറത്ത് തട്ടി യാത്ര പറയുക മാത്രമാണ് നിക്ക് ചെയ്തത്.” അതിന് പ്രിയങ്കക്ക് ഇപ്പോഴും തന്നോട് പരിഭവമുണ്ടെന്ന് നിക്ക് പറയുന്നു. അമ്മ ഫ്‌ലാറ്റിലുണ്ടായിരുന്നതുകൊണ്ട് അവരോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പെരുമാറിയത്. മൂന്നാമത്തെ കൂടിക്കാഴ്ചക്ക് പിന്നാലെ പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിക്ക് അമ്മയോട് അവതരിപ്പിച്ചു.
പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷത്തിനിടെ നിക്ക് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ അമ്പരന്ന പ്രിയങ്ക മറുപടി പറയാതെ നിശബ്ദയായി നിന്നു. എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാനീ മോതിരം കയ്യിലണിയിക്കുകയാണെന്ന് പറഞ്ഞ് നിക്ക് പ്രിയങ്കയുടെ കയ്യില്‍ മോതിരമണിയിച്ചു. വിവാഹത്തിനായി ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജോധ്പൂരിലേക്ക് തിരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരിക്കും ചടങ്ങുകള്‍. പിന്നീട് അമേരിക്കയില്‍ ക്രിസ്ത്യന്‍ ആചാരമനുസരിച്ചുള്ള ചടങ്ങുകളും നടക്കും