ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരമാണ് പ്രിയങ്ക ചോപ്ര. നടിയായും ഗായികയായും ഒക്കെ തിളങ്ങുന്നു പ്രിയങ്ക. ഇടയ്ക്കിടെ താരത്തിനെ പക്ഷേ വിവാദങ്ങള്‍ പിടികൂടുന്നുമുണ്ട്.
താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതില്‍ നിന്നാണ് തുടക്കം. ത്രിവര്‍ണ്ണത്തിലുള്ള ഒരു ദുപ്പട്ട കഴുത്തില്‍ ചുറ്റിയുള്ളതാണ് പ്രിയങ്കയുടെ ചിത്രം. ഇതാകട്ടെ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
പ്രിയങ്ക ചോപ്ര ദേശീയ പതാകയെ അപമാനിച്ചു എന്നാണ് ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നത്. ദേശീയ പതാക വസ്ത്രമാക്കി ഉപയോഗിച്ചുവെന്ന് ആരോപിച്ച് കമന്റുകളുടെ പെരുമഴയാണ് പ്രിയങ്കയുടെ ചിത്രത്തിന് താഴെ.
പ്രിയങ്കയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. താരം ഉപയോഗിച്ചത് പതാക അല്ലെന്നും ത്രിവര്‍ണ്ണമുള്ള തുണി മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ്ണത്തിലുള്ള തുണി ഉപയോഗിച്ച് മുഖം തുടച്ചതും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.
നേരത്തെയും പ്രിയങ്ക ഇത്തരത്തില്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍ വെച്ച് മോദിയെ കണ്ടപ്പോള്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തെച്ചൊല്ലിയായിരുന്നു അന്ന് വിവാദം. നഗ്നമായ കാലുകളായിരുന്നു വിവാദം വിഷയം.