മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് ബരേലി കോടതി ഉത്തരവ്. 2000 ല്‍ മിസ് വേള്‍ഡ് നേടിയ സമയത്ത് ബരേലി മണ്ഡലത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു പ്രിയങ്കയുടെ താമസം.സിനിമയില്‍ സജീവമായതോടെ പ്രിയങ്കയും കുടുംബവും മുംബൈയിലേക്ക് താമസം മാറ്റി. എന്നാലും അവരുടെ പേരുകള്‍ ബരേലി വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടിടാനായി താരവും കുടുംബവും എത്താത്തതിനാല്‍ അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബരേലിയിലെ ഒരാള്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രിയങ്ക ചോപ്രയുടെയും അമ്മ മധു ചോപ്രയുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ജംഷഡ്പൂരിലാണ് പ്രിയങ്ക ജനിച്ചത്. അച്ഛന്‍ അശോക് ചോപ്ര സൈന്യത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ താരവും കുടുംബവും ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് താമസിച്ചത്.