പുണെ: പ്രൊ കബഡി ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്സ് സെമിഫൈനലിലെത്താതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ പട്ന പൈറേറ്റ്സിനോട് കീഴടങ്ങിയതോടെ (26-24)യാണ് ജയ്പൂരിന്റെ പോരാട്ടം അവസാനിച്ചത്. ചാമ്പ്യന്‍ ടീമിനെ കടപുഴക്കിയ പട്ന നാലാം ടീമായി സെമിയിലേക്ക് മുന്നേറി. ആഗസ്ത് 21-ന് നടക്കുന്ന സെമിയില്‍ യു മുംബ പട്നയെയും തെലുഗു ടൈറ്റന്‍സ് ബെംഗളുരു ബുള്‍സിനെയും നേരിടും.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ജയ്പുരിന് 37 പോയന്റും പട്നയ്ക്ക് 36 പോയന്റുമാണുണ്ടായിരുന്നത്. ജയം മാത്രം ലക്ഷ്യമിട്ട് കളിച്ച പട്നയ്ക്കെതിരെ കളിയിലെ ഒരുഘട്ടത്തിലും മേധാവിത്വം നേടാന്‍ ജയ്പുരിനായില്ല. ആക്രമണവും പ്രതിരോധവും ഒരുപോലെ ഫോമിലേക്കുയര്‍ന്നതോടെ പട്ന അവസാന നാലിലേക്ക് മുന്നേറി. മുംബ 61 പോയന്റും ടൈറ്റന്‍സ് 50 പോയന്റും ബെംഗളൂരു 43 പോയന്റും നേടിയാണ് സെമിയില്‍ കടന്നത്.
ലീഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ ഡബാങ് ഡല്‍ഹിയുടെ കാഷിലങ് അഡ്ക 114 പോയന്റോടെ മികച്ച റെയ്ഡറും ഡല്ഹിയുടെതന്നെ രവീന്ദര്‍ പഹല്‍ 60 പോയന്റോടെ മികച്ച പ്രതിരോധനിരക്കാരനുമായി.