
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രോഹിത്തിന്‍റെ അമ്മ തങ്ങള്‍ ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുകയായിരുന്നെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകള്‍. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം .കുറ്റാരോപിതര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള 41 പേജ് റിപ്പോര്‍ട്ട്, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എകെ രൂപന്‍വാലി ഓഗസ്റ്റിലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്.രോഹിത് വെമുലയ്ക്കും അദ്ദേഹത്തിന്റെ അമ്മ രാധിക വെമുലയ്ക്കും എതിരെ കടുത്ത ആരോപണങ്ങളാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
രോഹിത് യാതൊരു വിവിധ വിവേചനത്തിനും ഇരയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വ്യക്തിപരമായ കാരണങ്ങള്‍ കാരണമാണ് രോഹിത്ത് ആത്മഹത്യ ചെയ്തത്. കേന്ദ്ര സര്‍ക്കാരിനോ, സര്‍വകലാശാല അധികൃതര്‍ക്കോ രോഹിത്തിന്‍റെ ആത്മഹത്യയില്‍ ഉത്തരവാദിത്വമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദളിതനല്ലെന്ന് കണ്ടെത്തിയതോടെ രോഹിത്തിനെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു ഏറ്റവും ഉചിതമായ നടപടിയെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും, കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയയും രോഹിത്തിനെ പുറത്താക്കാന്‍ സര്‍വകലാശാലയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ശേഷമുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രോഹിതിന്റെ ആത്മഹത്യക്ക് കാരണം വ്യക്തിപരമായ നിരാശയാണ് അല്ലാതെ വിവേചനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും അവരുടെ കര്‍ത്തവ്യം മാത്രമാണ് നിര്‍വഹിച്ചത്. രോഹിത് വെമുല ഉള്‍പ്പെടെയുള്ളവിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ക്ക് മേല്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Also Read :മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്.അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.ഭരണത്തില്‍ പനീര്‍ സെല്‍വത്തിനോ ശശികലയ്‌ക്കോ സ്ഥാനമില്ല; ജയലളിതയ്‌ക്കായി ഭരണം നിയന്ത്രിക്കുന്നത് മലയാളി
വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പി എം.എല്‍.സി രാമചന്ദ്ര റാവുവും കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും ഇടപ്പെട്ടത് പൊതുപ്രവര്‍ത്തകരെന്ന നിലയിലുള്ള അവരുടെ ചുമതലയായേ കാണാനാകൂ എന്നും ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് വെമുലയുടെ ജാതി ഏതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും രോഹിത് വെമുലയുടെ അമ്മ മാല സമുദായത്തില്‍ (ഷെഡ്യൂള്‍ഡ് കാസ്റ്റ്)പെട്ട വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിതിന് ലഭിച്ച ദളിത് സര്‍ട്ടിഫിക്കറ്റിനെ പിന്തുണയ്ക്കാനാണ് മാല സമുദായമാണെന്ന് രാധിക ആവകാശപ്പെടുന്നത്. സംവരണത്തിന് വേണ്ടിയായിരുന്നു ഈ അവകാശവാദം. തന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ എസ്‌സി വിഭാഗം ആയിരുന്നുവെന്ന് വളര്‍ത്തു മാതാപിതാക്കള്‍ പറഞ്ഞുവെന്ന രാധികയുടെ അവകാശവാദം അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.