
ചെന്നൈ: കാര്യങ്ങള്‍ ശശികലയുടെ കൈവിട്ട് പോകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. തനിക്കു പിന്തുണ ഉറപ്പാക്കാനായി ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ ഏഴ് എംഎല്‍എമാരാണ് പരസ്യമായി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ അവസ്ഥയില്‍ ഡിംഎംകെ സഖ്യത്തിന്റെ പിന്തുണയ്‌ക്കൊപ്പം 11 എംഎല്‍എമാര്‍ കൂടി ശശികല ക്യാംമ്പില്‍നിന്ന് കൂറുമാറിയാല്‍ പനീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ടു നേടാവുന്നതേയുള്ളൂ.
എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍സെല്‍വം വിഭാഗം ആരോപിച്ചിരുന്നു. അതിനിടെ, ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ ഇന്നും തുടരുന്നത്. മൂന്ന് എംപിമാര്‍ കൂടി കൂടുമാറി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതരാജ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍സെല്‍വം ക്യാംപിലെത്തിയത്. ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം ഏഴായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റ് ലോക്‌സഭാംഗങ്ങള്‍.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്കു പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. നടന്‍ ശരത് കുമാറും പനീര്‍സെല്‍വത്തിനു പിന്തുണയുമായി രംഗത്തെത്തി.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല സംഘത്തില്‍പ്പെട്ടയാളാണ് മന്ത്രി പാണ്ഡ്യരാജന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പനീര്‍സെല്‍വം ശശികലയെ വെല്ലുവിളിച്ചത്. തന്നെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു