സ്വന്തം ലേഖകൻ
ചെന്നൈ: സിനിമാ മേഖലയിൽ അവിഹിത ബന്ധങ്ങളും, ഗോസിപ്പുകളും വിവാഹ മോചനങ്ങളും പുതുമയല്ലെങ്കിലും നടിയുമായി വിവാഹേതര ബന്ധം പുലർത്തിയ നിർമാതാവിനുണ്ടായ അനുഭവം അടുത്തിടെയൊന്നും മറ്റാർക്കും ഉണ്ടായിട്ടില്ല. നിർമാതാവുമായി അവിഹിതത്തിൽ ഏർപ്പെട്ട നടിയെ ഇദ്ദേഹത്തിന്റെ ഡ്രൈവർ ഫോണിലും നേരിട്ടും വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് നിർമ്മാതാവിന്റെ ഡ്രൈവർ അറസ്റ്റിലായി. തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവ് മുനിവേലിന്റെ ഡ്രൈവറായ ആന്തണി രാജ് നടി രാധയെയാണ് ഭീഷണിപ്പെടുത്തിയത്. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലെ തടവുകാരൻ എന്ന വ്യാജേനയാണ് ഇയാൾ രാധയെ ഫോണിൽ വിളിച്ചത്.
ഓഗസ്റ്റ് 21ന് രാധ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെൻട്രൽ ജയിലിൽ നിന്ന് ഒരു തടവുകാരൻ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാധ പരാതി നൽകിയത്. നടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുഴൽ ജയിലിലെ മുഴുവൻ ബ്ലോക്കുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ രാധയ്ക്ക് ഭീഷണി കോൾ ലഭിച്ച നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ വിളിച്ചത് സെൻട്രൽ ജയിലിൽ നിന്നല്ലെന്ന് വ്യക്തമാകുകയായിരുന്നു. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും രാധ പോലീസിന് കൈമാറിയിരുന്നു.
രാധയുമായി മുനിവേൽ അവിഹിത ബന്ധം തുടരുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യ ദുഃഖിതയാണ്. ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലി അവർ പതിവായി കരയാറുണ്ടെന്നും ആന്തണി പറഞ്ഞു. ഇതിൽ ദുഃഖിതനായാണ് ഇരുവരുടെയും ബന്ധം അവസാനിപ്പിക്കുന്നതിന് ആന്തണി, രാധയെ ഭീഷണിപ്പെടുത്തിയത്.