കൊച്ചി: മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യ വര്‍ഷം നടത്തിയ ലാല്‍ ആരാധകര്‍ക്കെതിരെ നിര്‍മ്മാതാവ് സോഫിയ പോള്‍ പരാതി നല്‍കി.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച് ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടര്‍ ഫെയ്സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തിയത്.
ഫെയ്സ്ബുക്ക് പോലൊരു സാമുഹ്യമാധ്യമത്തില്‍ വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അധിക്ഷേപിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നതിനെതിരെയാണ് പരാതി നല്‍കുന്നതെന്ന് സോഫിയാ പോള്‍ പറഞ്ഞു.
സോഫിയാ പോള്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം
ഞങ്ങളുടെ സിനിമയെ തരംതാഴ്ത്താനും എന്നെയും എന്റെ നിര്‍മ്മാണ കമ്പനിയെയും പരസ്യമായി അവഹേളിക്കാനും ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഈ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് രണ്ടുപേരാണ്. അപകീര്‍ത്തികരമായ കമന്റുകളിലൂടെ എന്ന അപമാനിക്കാന്‍ മറ്റ് ചിലരെയും അവര്‍ പ്രോത്സാഹിപ്പിച്ചു. അതിനൊന്ന് ‘ഉണ്ണി ലാലേട്ടന്‍’ എന്ന ഫെയ്സ്ബുക്ക് ഉപയോക്താവാണ്. എന്നെ അപമാനിക്കുന്ന തരത്തിലുള്ള സ്റ്റാറ്റസ് അയാള്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന വൈശാഖ് വി.കെയാണ് മറ്റൊരാള്‍. രണ്ടാമത് പറഞ്ഞയാള്‍ എന്റെ ഫെയ്സ്ബുക്ക് ഇന്‍ബോക്സിലും അപമാനിക്കുന്ന തരത്തിലുള്ള മെസേജുകള്‍ അയച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ഒരു വനിതയാണ് എന്നതിന്റെ പേരില്‍ നടന്ന ആക്രമണമായാണ് ഇതെനിക്ക് മനസിലായത്. എന്റെ നിര്‍മ്മാണകമ്പനിയുടെ ഫെയ്സ്ബുക്ക് പേജും അതില്‍ വരുന്ന അപ്ഡേറ്റുകളും തങ്ങള്‍ക്കിഷ്ടമുള്ള കമന്റോടുകൂടി ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം എന്നെ പരസ്യമായി അപമാനിക്കുക ലക്ഷ്യമാക്കിയാണ്. കൂടാതെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയ്ക്ക് മോശം പ്രചരണം നല്‍കാനും. ഇതിനെല്ലാം ഫെയ്സ്ബുക്കിനെ ഒരു മാധ്യമമായി ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ പ്രമോഷന്‍ ദുര്‍ബലമാണെന്ന രീതിയില്‍ ചില മോഹന്‍ലാല്‍ ആരാധകരും ഫേസ്ബുക്ക് ഫാന്‍സ് ഗ്രൂപ്പുകളും അടുത്ത ദിവസങ്ങളായി വ്യാപക പ്രചരണം നടത്തിയിരുന്നു. മുന്തിരിവള്ളികള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍, തുടര്‍ന്ന് റിലീസ് ചെയ്ത എസ്ര എന്നിവ മികച്ച പ്രചരണമാണ് പോസ്റ്ററുകളിലൂടെയും ഓണ്‍ലൈനിലും നടത്തുന്നതെന്നും പുലിമുരുകന് പിന്നാലെയെത്തിയ മോഹന്‍ലാല്‍ സിനിമ എന്ന നിലയില്‍ വേണ്ടത്ര പ്രമോഷന്‍ നടത്താത്തത് ദോഷമായി ബാധിക്കുന്നുവെന്നുമാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ ഈ വര്‍ഷം മികച്ച രീതിയില്‍ പ്രീ പ്രമോഷനും ഓണ്‍ലൈന്‍ പ്രമോഷനും സിനിമയ്ക്ക് വേണ്ടി നടത്തിയിരുന്നുവെന്നാണ് അണിയറക്കാരുടെ വാദം.
ജനുവരി 20ന് റിലീസ് ചെയ്ത സിനിമ ഇതിനോടകം ഗ്രോസ് കളക്ഷനായി 30 കോടി നേടിയിരുന്നു. മോഹന്‍ലാലിന്റെ മലയാളത്തിലെ ഹാട്രിക് വിജയവുമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. സോഫിയാ പോളിന്റെ മകന്‍ കെവിന്‍ പോളിന്റെ പ്രൊഫൈലിലും അസഭ്യവര്‍ഷം നടത്തിയിരുന്നു