തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ തടഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസറുടെ ഏകപക്ഷീയമായ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചുരിദാര്‍ ധരിച്ചെത്തിയവരെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് തടഞ്ഞത്.
ചുരിദാറിനു മുകളില്‍ മുണ്ടുടുത്താല്‍ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. അതേസമയം ആചാരങ്ങളിലുണ്ടാകുന്ന കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ദ്വേവസം മന്ത്രി പറഞ്ഞു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ ദര്‍ശനത്തിനെത്തിയവരെയാണ് തടഞ്ഞത്. എന്നാല്‍ കിഴക്കേ നടയിലെത്തിയ ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് കയറുന്നതിന് തടസമുണ്ടായില്ല. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവില്‍ തന്ത്രിമാര്‍ക്കും എട്ടരയോഗം ഭാരവാഹികള്‍ക്കും എതിര്‍പ്പുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ സ്വന്തം താത്പര്യം നടപ്പിലാക്കുകയാണെന്നും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു.
ക്ഷേത്രദര്‍ശനത്തിന് ചുരിദാറിനു മുകളില്‍ മുണ്ട് ധരിക്കേണ്ടതില്ല. എന്നാല്‍ ജീന്‍സ്, ലഗ്ഗിന്‍സ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഒഫീസര്‍ കെ. സതീശന്‍ പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസിന്റെ സഹായം തേടും. എതിര്‍പ്പിനെ കുറിച്ച് കോടതിയെ അറിയിക്കുമെന്നും കെ. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചുരിദാര്‍ ധരിക്കാന്‍ അനുവദിച്ചത്. സെപ്റ്റംബര്‍ 29ന് ഹരജി പരിഗണിച്ച കോടതി ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.