സെക്രട്ടറിയേറ്റ് നടയിലെ സമരക്കാരെ പാതിരാത്രിയില്‍ ഒഴിപ്പിച്ചു; സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കാന്‍ സമരം നടത്തുന്ന ശ്രീജിത്ത് പ്രതിഷേധവുമായി രംഗത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിലെ സമരക്കാരെ പാതിരാത്രിയില്‍ ഒഴിപ്പിച്ചു. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ ഒഴിപ്പിക്കെല്ലെന്നാണ് നഗരസഭയുടെ വിശദീകരണം. തിങ്കളാഴ്ച അര്‍ധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതിനിടെ രണ്ട് വര്‍ഷത്തോളമായി ഇവിടെ സമരം ചെയ്യുന്ന ശ്രീജിത്ത് നഗസഭാ ജീവനക്കാരുമായി തര്‍ക്കിച്ചതും പോകാന്‍ കൂട്ടാക്കാതെ റോഡരികില്‍ തുടര്‍ന്നും പ്രതിഷേധിച്ചു. സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയായിരുന്നു. ഇയാള്‍ക്ക് പിന്തുണയുമായി ചിലര്‍ എത്തിയെങ്കിലും അവരെയും പൊലീസ് നീക്കം ചെയ്തു.

രണ്ടു വര്‍ഷമായി സമരം നടത്തുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാര്‍ സ്വമേധയാ സാധനങ്ങള്‍ മാറ്റാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഫ്ളക്‌സ് ഉള്‍പ്പെടെയുള്ളവ മാറ്റാന്‍ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാന്‍ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവര്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ച് വാഹനത്തില്‍ കയറ്റി. ഓടിച്ചുപോയ വാഹനത്തില്‍ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കള്‍ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവര്‍ വാഹനത്തെ പിന്തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് വാഹനം നിര്‍ത്തി ശ്രീജിത്തിനെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോണ്‍മെന്റ് സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് ഒഴിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.ആര്‍.ടി.സി. എംപാനല്‍ഡ് സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ പണിപ്പെട്ടാണ് നീക്കംചെയ്തത്. ചില സമരപ്പന്തലുകളില്‍ ഉണ്ടായിരുന്നവര്‍ തുടക്കത്തില്‍ പ്രതിഷേധമുയര്‍ത്തി. ഇവര്‍ക്ക് പിന്തുണയുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. എന്നാല്‍, പെട്ടെന്നുള്ള ഇടപെടല്‍ മൂലം പന്തലുകള്‍ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കള്‍ ലോറികളില്‍ മാറ്റുകയും ചെയ്തു. രാത്രി ആയതിനാല്‍ ആളുകള്‍ കൂടുന്നതിന് മുമ്പ് വസ്തുക്കള്‍ നീക്കം ചെയ്തു.

ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളില്‍ നിന്നും മാറ്റിയത്. ഇവയില്‍ മദ്യക്കുപ്പികള്‍ ഏറെയുണ്ടായിരുന്നു. മണ്ണെണ്ണ, അടുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. പന്തലുകള്‍ പലതും സെക്രട്ടേറിയറ്റിലെ ഗ്രില്ലിനോട് ചേര്‍ന്ന് വെല്‍ഡ് ചെയ്ത് നിര്‍മ്മിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളില്‍ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മറ്റ് സമരക്കാര്‍ക്ക് ഇവിടെ നിന്നും കസേരകള്‍ വാടകയ്ക്ക് നല്‍കിയിരുന്നതായും അധികൃതര്‍ ആരോപിച്ചു.

Top