പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലത്തടി സ്വദേശി വടക്കേമണ്ണില്‍ ബേബിയാണ് മരിച്ചത്. ആടിനെ മേയ്ക്കാന്‍ ആങ്ങമുഴി വനത്തില്‍ പോയസമയത്താണ് ബേബിക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായത്. ആടിനെ മേയ്ക്കാനായി രാവിലെ പോയതാണ്.
ഇന്നലെ രാത്രിയായിട്ടും തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ സമീപപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാട്ടുകാര്‍ ബേബിയെ അന്വേഷിച്ച് വനത്തിലേക്ക് പോയി. രാവിലെ ഒമ്പത് മണിയോടെയാണ് വനത്തില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയില്‍ ബേബിയെ കണ്ടെത്തിയത്. അപ്പോള്‍ ജീവനുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ശരീരമാസകലം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുകയും ജനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്യുന്ന പ്രദേശമാണ് മലയോര മേഖലയായ ആങ്ങമൂഴി.