തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സർക്കാർ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമാക്കിയതായി റിപ്പോർട്ട്. ഇതിൽ തന്നെ ഡയറക്ട് ബെനിഫിറ്റ് സ്കീം പ്രകാരം ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടും. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണ്.
പൊതുമണ്ഡലത്തിൽ ആധാർ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട വിവരസുരക്ഷയെക്കുറിച്ചും സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോർട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആധാർവിവരങ്ങൾ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന ഏറ്റവും വലിയ സംഭവമായിരിക്കുമിതെന്നാണു സൂചന.
കഴിഞ്ഞ നവംബർ മുതൽ ഈ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമായിരുന്നതായി റിപ്പോർട്ട് പറയുന്നു. ഇവ കണ്ടെത്തിയതിനെത്തുടർന്നു സിഐഎസ് പ്രവർത്തകർ ഈ വിവരങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
രണ്ടു കേന്ദ്രസർക്കാർ പോർട്ടലുകളെക്കുറിച്ചും ആന്ധ്രപ്രദേശിൽനിന്നുള്ള രണ്ടു സൈറ്റുകളെക്കുറിച്ചുമാണു റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
വിവരങ്ങൾ പരസ്യമാക്കിയ സൈറ്റുകൾ ഇവ:
1) നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം)
2) തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോർട്ടൽ
3) ഡെയിലി ഓൺലൈൻ പേയ്മെന്റ് റിപ്പോർട്ട്സ് (ആന്ധ്രാ പ്രദേശ് സർക്കാർ)
4) ചന്ദ്രണ്ണ ബീമാ പദ്ധതി (ആന്ധ്രാ പ്രദേശ് സർക്കാർ)
സോഷ്യൽ അസിസ്റ്റൻസ് പദ്ധതിയുടെ സൈറ്റിലൂടെ 1,59,42,083 ആളുകളുടെ വിവരങ്ങളും ആന്ധ്രാ പ്രദേശ് സർക്കാരിന്റെ രണ്ട് സൈറ്റുകളിലൂടെ മൂന്നു കോടി ആളുകളുടെ വിവരങ്ങളും പുറത്തായി. മിക്ക സൈറ്റുകളിലെയും വിവരങ്ങൾ എക്സൽ ഷീറ്റായി ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിലായിരുന്നു. 23 കോടി ആളുകളുടെ വിവരങ്ങൾ ഡയറക്ട് ബെനിഫിറ്റ് സ്കീമിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണു കണക്ക്. സമാനമായ രീതിയിൽ മറ്റു സർക്കാർ സൈറ്റുകളും അശ്രദ്ധമായി വിവരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ വലിയ അളവിലുള്ള ഡേറ്റാബേസ് പുറത്തുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നു സിഐഎസ് സൂചിപ്പിക്കുന്നു. മാസങ്ങൾ നീണ്ട പ്രയത്നത്തിനു ശേഷമാണു വിവരങ്ങൾ പുറത്തുവിട്ടത്.
കേരളത്തിലെ സേവന പെൻഷൻ വെബ്സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാർ വിവരങ്ങളും ജാർഖണ്ഡിലെ സർക്കാർ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമായതു കഴിഞ്ഞ ദിവസമാണ്. 2016 ആധാർ ആക്ട് അനുസരിച്ച് ആധാർ വിവരങ്ങൾ പരസ്യമാക്കിയാൽ മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. വെബ്സൈറ്റുകളിലുള്ള ആധാർ വിവരങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ വകുപ്പുകൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ആധാർ, ബാങ്ക് വിവരങ്ങൾക്കൊപ്പം വിവിധയിടങ്ങളിൽനിന്നു വ്യക്തിഗത വിവരങ്ങളും ചിത്രവും സംഘടിപ്പിച്ചാൽ കുതന്ത്രശാലിയായ ഒരാൾക്കു മറ്റൊരാളുടെ പേരിൽ സിം എടുക്കാനും ആ പേരിൽ ഓൺലൈനിൽ പല ഇടപാടുകളും നടത്താൻ കഴിയുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.