
സ്വന്തം ലേഖകൻ
കോട്ടയം: പുലിമുരുകന്റെ ആവേശം അടിയിലും പിന്നീട് കത്തിക്കുത്തിലും കലാശിച്ചു. നഗരമധ്യത്തിലെ പ്രമുഖ തീയറ്ററിൽ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമ പുലിമുരുകൻ പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. കോടിമത കുരിശുകുന്നേൽ വർഗീസിന്റെ മകൻ സെൻ മാത്യു(23), കോടിമതയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൂക്കുപ്പാറ സ്വദേശി ജോണിന്റെ മകൻ അമൽ(22) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ സ്വദേശിയും ഇപ്പോൾ മാന്നാനത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ കുമരംകുന്നേൽ രാജേന്ദ്രൻ(54) നെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവങ്ങൾ. സിനിമാ ആരംഭിച്ചപ്പോൾ മുതൽ തീയറ്ററിനുള്ളിൽ ഒരു വിഭാഗം യുവ പ്രേക്ഷകർ അഹ്ലാദാരവങ്ങൾ മുഴക്കിയിരുന്നു. ബഹളവും ഒച്ചയും വച്ച യുവാക്കൾ മോഹൻലാൽ എത്തുന്ന ഓരോ സീനിലും കയ്യടിയും ആർപ്പുവിളികളുമായി എഴുന്നേറ്റു നിന്നിരുന്നു. ഇതേ ച്ചൊല്ലി രാജേന്ദ്രനും തീയറ്ററിലുണ്ടായിരുന്ന യുവാക്കളുടെ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. രാജേന്ദ്രൻ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ തയ്യാറായിരുന്നില്ല. ഈ തർക്കം പിന്നീട് കയ്യാങ്കളിയിലേയ്ക്കു കടന്നു. യുവാക്കൾ രാജേന്ദ്രനെ മർദിച്ചു. മർദത്തിനിടെ തന്റെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാജേന്ദ്രൻ രണ്ടു പേരെയും കുത്തി., സെൻ മാത്യുവിന്റെ വയറ്റിലും, അമലിന്റെ വയറിനുമാണ് പ്രതി കുത്തിയത്.
കുത്തേറ്റ് വീണ ഇരുവരെയും തീയറ്റർ ജീവനക്കാർ തീയറ്ററിനു വെളിയിൽ എത്തിച്ച ശേഷം പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ തീയറ്റർ ജീവനക്കാരെയും, പ്രേക്ഷകരെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ തീയറ്റർ ജീവനക്കാർ സാഹസികമായി പിടികൂടി മുറിയിൽ പൂട്ടിയിട്ടു. തുടർന്നു ഇയാളെ പൊലീസിനു കൈമാറുകയായിരുന്നു.