കൊച്ചി: പോലിസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും വിജീഷും കോടതിയിലെത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കില്‍. ടിഎന്‍- 04 ആര്‍1-496 നമ്പറിലുള്ള പള്‍സര്‍ ബെക്കിലാണ് പ്രതികള്‍ എത്തിയത്.
ബൈക്കിന്റെ കേബിളുകള്‍ വിഛേദിച്ച നിലയിലാണ്. ബൈക്ക് തമിഴ്നാട്ടില്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചുകൊണ്ടുവന്നതായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ചെറുപ്പത്തില്‍ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിനെ തുടര്‍ന്നാണ് സുനില്‍ കുമാറിന് ‘പള്‍സര്‍ സുനി’ എന്ന് പേരു വീണത്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് ബൈക്ക് വച്ച ശേഷമാണ് പള്‍സര്‍ സുനി മതില്‍ ചാടിക്കടന്ന് എറണാകുളം എസിജെഎം കോടതിയില്‍ എത്തിയത്. ഹെല്‍മറ്റ് വച്ച് മുഖം മറച്ച നിലയില്‍ ഒരു അഭിഭാഷകനൊപ്പമായിരുന്നു സുനിയും കൂട്ടുപ്രതി വിജീഷും എത്തിയത്. കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ കയറി നിന്ന് സുനിയേയും വിജീഷിനേയും ബലംപ്രയോഗിച്ചാണ് പോലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയത്.
പോലീസിനെ തടയാന്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. പോലീസ് ജീപ്പിന്റെ താക്കോല്‍ എടുത്തുമാറ്റാനും ചിലര്‍ ശ്രമിച്ചു. എല്ലാ എതിര്‍പ്പുകളും അവഗണിച്ചായിരുന്നു അറസ്റ്റ്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിനാല്‍ ജഡ്ജി ചേംബറില്‍ ഇല്ലാതിരുന്നതാണ് പള്‍സര്‍ സുനിയുടെ പദ്ധതികള്‍ പൊളിച്ചത്.
അതേസമയം, പോലീസിന്റെ നടപടിയില്‍ ജഡ്ജിക്ക് പരാതി നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. പ്രതിക്കു കിട്ടേണ്ടിയിരുന്ന സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
അതിനിടെ, എറണാകുളം പോലീസ് ക്ലബില്‍ എത്തിച്ച സുനിയേയും വിജീഷിനേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികളെ അറസ്റ്റു ചെയ്യുക തന്നെയായിരുന്നുവെന്ന് ഐ.ജി പി.വിജയന്‍പറഞ്ഞു.