കൊച്ചി:ദിലീപിന്റെ ജാമ്യമോഹം പൊലിയുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തില്‍ പ്രതിയുടെ പങ്ക് വ്യക്തമാണെന്നും നേരിട്ടുള്ള തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതി സിനിമാ മേഖലയുമായി ബന്ധമുള്ള ആളാണെന്നും വിചാരണ ഘട്ടത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. സുനിക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.ഇതോടെ ഇനി ദിലീപിനും അഴിക്കുള്ളിൽ തന്നെ കഴിയുക മാത്രമായിരിക്കും സാധ്യത .90 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ തടവുകാരനായി ദിലീപ് ഉള്ളിൽ തന്നെ കഴിയേണ്ടി വരും .പള്‍സറിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല തീരുമാനമെടുത്താല്‍ ദിലീപിനും ഉടന്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ് അനുകൂലികള്‍. ആ പ്രതീക്ഷക്കാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
കേസിലെ സുപ്രധാന തെളിവുകള്‍ സുനില്‍ കുമാര്‍ നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ പള്‍സര്‍ സുനി മുങ്ങാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കൂടാതെ പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്. സുനിക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ബാധിക്കും എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.പള്‍സറിന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍, പ്രധാന പ്രതി പുറത്തു നില്‍ക്കുന്നതിനാല്‍ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകും. അതുകൊണ്ടാണ് പള്‍സറിന് ജാമ്യം കിട്ടട്ടേയെന്ന ചിന്തയില്‍ സിനിമാ ലോകം എത്തിയത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കൊപ്പം പള്‍സര്‍ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപ് ഇതിനോടകം നാല് ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കി. എന്നാല്‍ പള്‍സര്‍ ആദ്യമായാണ് ഇതിന് ഹൈക്കോടതിയില്‍ ശ്രമിക്കുന്നത്. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജിക്കിടെ പള്‍സര്‍ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമര്‍ശനം ജസ്റ്റിസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റില്‍ പിടിച്ചായിരുന്നു സുനിക്കായി ആളൂര്‍ ജാമ്യാ ഹര്‍ജി വാദിച്ചതെന്നാണ് സൂചന. മനുഷ്യാവകാശ ലംഘനമാണ് സുനിക്കെതിരെ നടക്കുന്നത്. ജാമ്യം കിട്ടാതിരിക്കാന്‍ മാത്രം കുറ്റപത്രം നല്‍കി. അതിന് ശേഷവും അന്വേഷണം തുടര്‍ന്നു. ഇനി അനുബന്ധം കുറ്റപത്രം നല്‍കും. അതിന് ശേഷവും അന്വേഷണം തുടരാനാണ് നീക്കം. അതായത് ഈ അടുത്ത കാലത്തൊന്നും വിചാരണ തുടങ്ങില്ല. പൊലീസ് എല്ലാ മാസവും പള്‍സറിനെ ചോദ്യം ചെയ്യല്‍ പീഡനം തുടരും. ഇത് മനുഷ്യാവകാശ ലംഘനമായി അഡ്വക്കേറ്റ് ആളൂര്‍ ഹൈക്കോടതിയില്‍ അവതരിപ്പിച്ചെന്നാണ് സൂചന. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചില്‍ നിന്നുണ്ടായ അനുകൂല പരാമര്‍ശങ്ങളാണ് ഇതിന് കാരണം.
പള്‍സറിന് ജാമ്യം കിട്ടിയാല്‍ ദിലീപിനും പുറത്തിറങ്ങാന്‍ അവസരമൊരുങ്ങും. കേസില്‍ വഴിത്തിരിവുണ്ടായാല്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം ജസ്റ്റിസ് സുനില്‍ തോമസും എടുക്കുമെന്നായിരുന്നു വിലയിരുത്തല്‍. കുറ്റപത്രം ഒക്ടോബര്‍ ഏഴിനകം കൊടുക്കും.അതേസമയം സദാസമയവും എഴുത്തിലാണ് ദിലീപ് എന്നും വിവരമുണ്ട്. തന്റെ കഥയാണ് ദിലീപ് കുറിക്കുന്നതെന്നാണ് സൂചന. അഴിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ ആക്രമണക്കേസിലെ പ്രശ്നങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കും. സലിം ഇന്ത്യയെന്ന ആരാധകന്‍ ഇതിനായി വേണ്ടതെല്ലാം പുറത്തു ചെയ്യുന്നുമുണ്ട്. നാമജപവും അഴിക്കുള്ളില്‍ ദിലീപ് മുടക്കുന്നില്ല. അസ്വാഭാവികതയൊന്നുമില്ലാതെയാണ് പെരുമാറ്റം. ജയിലില്‍ സന്ദര്‍ശക നിയന്ത്രണമുള്ളതുകൊണ്ട് ആരും ഇപ്പോള്‍ നടനെ കാണാനും കാര്യമായി എത്തുന്നില്ല.
ഏഴുപത് ദിവസത്തിനുള്ളില്‍ നാല് തവണ കോടതി ജാമ്യം നിഷേധിച്ചിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ക്യാംപിനെ പ്രേരിപ്പിക്കുന്നത് പൊലീസ് ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന ഭയമാണ്. ബലാത്സംഗവും കൊലപാതകവും പോലുള്ള ഗുരുതരമായ കേസുകളില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ അടുത്ത തൊണ്ണൂറ് ദിവസം വരെ അയാളെ തടവില്‍ വയ്ക്കാന്‍ പൊലീസിന് സാധിക്കും.തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ തടവിലാക്കപ്പെട്ട വ്യക്തിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ ജാമ്യം ലഭിക്കില്ല. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നതോടെ അയാള്‍ വിചാരണ തടവുകാരനായി മാറും. പിന്നെ വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയും വരെ ജാമ്യത്തിനായി കാത്തിരിക്കേണ്ടി വരും.
ദിലീപിന്റെ കാര്യത്തില്‍ ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ഒക്ടോബര്‍ 10 കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇതിനിടയില്‍ നാല് തവണ ജാമ്യഹര്‍ജി നല്‍കിയെങ്കിലും നാല് തവണയും പൊലീസിന്റെ എതിര്‍പ്പ് മൂലം കോടതി ജാമ്യം നിഷേധിച്ചു. പൊലീസ് ഒക്ടോബര്‍ പത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നതിനാല്‍ അതിനകം എങ്ങനെയെങ്കിലും ജാമ്യം നേടിയെടുക്കാനാണ് ദിലീപിനൊപ്പമുള്ളവര്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് പ്രതീക്ഷയെന്നോണം പള്‍സറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ അതും തിരിച്ചടിയായിരിക്കുകയാണ്.അതേസമയം രാമലീലയ്ക്ക് വമ്പന്‍ വരവേല്‍പ്പ് കിട്ടിയാല്‍ ജനമനസ്സില്‍ താനിപ്പോഴും ഉണ്ടെന്ന് ദിലീപിന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാകും. ഇതും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ നിര്‍ണ്ണായകമാകും.28-ാം തീയതി പൂജ അവധിക്കായി പിരിയുന്ന കോടതി പിന്നെ അടുത്തമാസം മൂന്നിനാണ് വീണ്ടും ചേരുന്നത്. സര്‍ക്കാര്‍ വാദം കേട്ടശേഷം പൂജ അവധിയും കഴിഞ്ഞാവും കോടതി ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറയുക. അപ്പോഴേക്കും കുറ്റപത്രം സമര്‍പ്പിച്ചേക്കാന്‍ സാധ്യതയുണ്ട്.