പൂനെ വീണ്ടും തോറ്റു; ഐപിഎല്ലിൽ പൂനെയുടെ തകർച്ച തുടരുന്നു

സ്‌പോട്‌സ് ലേഖകൻ

വിശാഖപട്ടണം: ഐ.പി.എൽ. ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനവുമായി ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ തിളങ്ങിയിട്ടും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പുനെ സൂപ്പർ ജയന്റ്‌സിന് തോൽവി. ഇന്നലെ വിശാഖപട്ടണത്തു നടന്ന മത്സരത്തിൽ നാലു റൺസിനാണ് സൺറൈസേഴ്‌സ് പുനെയെ തോൽപിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ കഴിഞ്ഞുള്ളു. നാലോവറിൽ വെറും 19 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സാംപയാണ് സൺറൈസേഴ്‌സിനെ തകർത്തത്. ഐ.പി.എൽ. ആദ്യ സീസണിൽ 14 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ പേസർ സൊഹൈൽ തൻവീറിനു ശേഷം അഞ്ചിലധികം വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് സാംപ. സാംപയുടെ സ്പിന്നിനു മുന്നിൽ സൺറൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ മുട്ടുമടക്കിയപ്പോൾ 27 പന്തിൽ നിന്ന് 33 റൺസ് നേടിയ ശിഖർ ധവാനാണ് അവരുടെ ടോപ്‌സ്‌കോററായത്. 32 റൺസ് നേടിയ കെയ്ൻ വില്യംസൺ, 23 റൺസ് നേടിയ യുവ്രാജ് സിങ്, 14 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരാണ് മറ്റു സ്‌കോറർമാർ. ഡേവിഡ് വാർണർ(11), മോയിസസ് ഹെൻറിക്വസ്(10) എന്നിവരാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. പുനെയ്ക്കു വേണ്ടി ആർ.പി. സിങ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. തുടർന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെയ്ക്ക് തുടക്കം തന്നെ പിഴച്ചു. ഫോമിലുള്ള ഓപ്പണർ അജിൻക്യ രഹാനെ റണ്ണെടുക്കാതെ മടങ്ങിയതോടെ അവരുടെ ചേസിങ് പിഴച്ചു. 34 റൺസുമായി ജോർജ് ബെയ്‌ലിയും 30 റൺസുമായി നായകൻ മഹേന്ദ്ര സിങ് ധോണിയും പൊരുതിയെങ്കിലും സൺറൈസേഴ്‌സിനെ തടയാൻ അതുമതിയാകമായിരുന്നില്ല. രവിചന്ദ്രൻ അശ്വിൻ 29 റൺസ് നേടി. നാലോവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയാണ് പുനെയെ പിടിച്ചുകെട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top