പുണെ: ഇന്‍ഫോസിസ് ക്യാമ്പസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രസീല രാജു (25) ആണ് മരണപ്പെട്ടത്. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച രാത്രി പത്തിനാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ സി.എസ്.ടിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. അസമിലേക്കുള്ള തീവണ്ടി കാത്തിരിക്കെയാണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കമ്പനിയുടെ കെട്ടിടത്തിന്റെ ഒമ്പതാംനിലയില്‍ യുവതി ജോലിചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. ബെംഗളൂരുവിലുള്ള ടീം മാനേജര്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ടീം മാനേജര്‍ ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.