ചണ്ഡീഗഡ് : പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂവടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു. പൊലീസ് വേഷം ധരിച്ചെത്തിയ 10 പേരടങ്ങിയ സായുധസംഘമാണ് ആക്രമണം നടത്തിയത്.
നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്റെ തലവനാണ് ഹര്‍മിന്ദര്‍ സിങ് മിന്റു. ഖാലിസ്താന്‍ ഭീകരനൊപ്പം രക്ഷപ്പെട്ടത് നാല് അധോലോക നേതാക്കന്മാരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് അവര്‍. ഹര്‍മിന്ദര്‍ സിങ് മിന്റു ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിനേ തുടര്‍ന്ന് പഞ്ചാബിലെങ്ങും അതീവ ജാഗ്ര പ്രഖ്യാപിച്ചു.
പൊലീസ് യൂണിഫോമിലെത്തിയ സംഘം നിറയൊഴിച്ച ശേഷമാണ് ജയിലില്‍ നിന്ന് ഇവരെ മോചിപ്പിച്ചത്. പൊലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ജയില്‍ ആക്രമണത്തേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.