തീപാറുന്ന മത്സരവുമായി ഗോവയും പഞ്ചാബും ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്; ആംആദ്മി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രവചനങ്ങള്‍

ചണ്ഡിഗഡ്/പനജി: കേന്ദ്രസര്‍ക്കാരിന് വളരെ നിര്‍ണ്ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ഇന്ന് തുടക്കം. മോദി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാമായ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതില്‍ പഞ്ചാബും ഗോവയും ഇന്നു പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണു നടക്കുന്നത്. പഞ്ചാബിലും ഗോവയിലും ആം ആദ്മി പാര്‍ട്ടി പോരാട്ടം കടുപ്പിച്ചപ്പോള്‍ ത്രികോണ മല്‍സരച്ചൂടിലായി സംസ്ഥാനം.

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്. 1.98 കോടി വോട്ടര്‍മാരും. ചെറിയ സംസ്ഥാനമായ ഗോവയില്‍ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നു. 11 ലക്ഷം മാത്രം വോട്ടര്‍മാര്‍. പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യവും ഗോവയില്‍ ബിജെപിയുമാണ് അധികാരത്തില്‍. ഈ രണ്ടിടത്തും പൊരിഞ്ഞ പോരാട്ടമായതിനാല്‍ പ്രവചനം പോലും അസാധ്യമാകുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമുണ്ട്. ബിജെപി സംഖ്യത്തെ പിന്തള്ളി ആംആദ്മി രണ്ടാമതെത്തുമെന്നും സൂചനയുണ്ട്. ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാണിത്. അതിനാല്‍ പ്രധാനമന്ത്രി മോദിക്കും ഫലം നിര്‍ണ്ണായകമാണ്. പഞ്ചാബില്‍ ജനവിധി തേടുന്നവരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രിയും ബാദലിന്റെ മകനുമായ സുഖ്ബീര്‍ ബാദല്‍ എന്നീ പ്രമുഖരുണ്ട്. സ്വന്തം തട്ടകമായ പട്യാലയ്ക്കൊപ്പം അകാലികളുടെ കോട്ടയായ ലാംബിയില്‍ പ്രകാശ് സിങ് ബാദലിനെതിരെയും അമരീന്ദര്‍ മല്‍സരിക്കുന്നുണ്ട്. അമൃത്സര്‍ ഈസ്റ്റില്‍ ബിജെപി വിട്ടെത്തിയ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്നു.

പഞ്ചാബില്‍ പണവും മദ്യവും ഒഴുകുന്നതു തടയാന്‍ പതിനയ്യായിരത്തോളം പ്രവര്‍ത്തകര്‍ ബട്ടണ്‍സില്‍ രഹസ്യ ക്യാമറയുമായി ബൂത്ത് പരിസരത്തുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിനെ ശ്രദ്ധേയമാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലെ ആംആദ്മി ഇടപെടല്‍ തന്നെയാണ്. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും കെജ്രിവാള്‍ ശക്തികാട്ടിയാല്‍ അത് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായകമാകും.

ഗോവയില്‍ അഞ്ചു മുന്‍ മുഖ്യമന്ത്രിമാരാണു മല്‍സരരംഗത്തുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, രവിനായിക്, ദിഗംബര്‍ കാമത്ത്, പ്രതാപ് സിങ് റാണെ, ലൂസിഞ്ഞോ ഫെലേറിയോ എന്നിവരാണു മുന്‍ മുഖ്യന്മാര്‍. ചര്‍ച്ചില്‍ അലിമാവോ ക്ലബ് ഉടമയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചര്‍ച്ചില്‍ അലിമാവോ എന്‍സിപി ടിക്കറ്റിലാണ് ഇക്കുറി മല്‍സരിക്കുന്നത്. മുന്‍ ആര്‍എസ്എസ് നേതാവ് സുഭാഷ് വെലിങ്കാക്കറുടെ നേതൃത്വത്തില്‍ ബിജെപി വിമതരും ശിവസേനയും ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും ഒന്നിക്കുന്നത് ബിജെപിക്ക് തലവേദനയാണ്.

Top