പുന്നേക്കാട് യാക്കോബായ പള്ളിയിൽ വിഭാഗീയത: വികാരി ഗ്രൂപ്പ് കളിക്കുകയാണെന്ന് വിശ്വാസികൾ

കോതമംഗലം മേഖലയിലെ പുന്നേക്കാട് ഗെദ്സീമോന്‍ യാക്കോബായ പള്ളിയില്‍ വിഭാഗീയത മറനീക്കി പുറത്തേക്ക്. 75 വര്‍ഷത്തെ ആഘോഷങ്ങളുടെ പൊലിമ തീരുന്നതിന് മുന്‍പ് പ്രശ്നങ്ങളുടെ നടുവിലാണ് ഇപ്പോള്‍ പള്ളി. ഇടവകയുടെ ഭരണ ചുമതലയുള്ള സമിതിയെ നിഷ്പ്രഭമാക്കി പള്ളി ഭരണം കൈപ്പിടിയിലൊതുക്കുന്നതിനായി വികാരി ഫാ. ബേബി ജോണ്‍ പാണ്ടാലില്‍ നടത്തുന്ന നീക്കങ്ങളില്‍ ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും എതിരാണ്. എത് ഭരണ സമിതി അധികാരമേറ്റാലും ഭരണ സമിതിയംഗങ്ങളെ രണ്ട് ഗ്രൂപ്പാക്കിക്കൊണ്ട് ഒരു ഗ്രൂപ്പിന്റെ നേതാവായി സ്വയം പള്ളി ഭരണം നടത്തിയാണ് വികാരി ഫാ.ബേബി ജോണ്‍ മുന്നോട്ട് പോകുന്നത്. അതില്‍ ഒരു പരിധി വരെ വികാരി വിജയിച്ചിട്ടുമുണ്ട്.kot3
2017ഫെബ്രുവരി 1ന് പള്ളിയുടെ 75 വര്‍ഷത്തിന്റെ ആഘോഷം സമാപിച്ചത് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നിര്‍വ്വഹിച്ചാണ്. ഇതിന് ശേഷം 6 മാസം പിന്നിട്ടിട്ടും പള്ളി പണി ആരംഭിക്കാന്‍ കഴിയാത്തതിന് പിന്നില്‍ വികാരിയും ഇടവക ജനങ്ങളും തമ്മില്‍ ഐക്യമില്ലായ്മയാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍ ഭരണ സമിതിയിലെ ട്രസ്റ്റിമാര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കിയതും, അതിന് ശേഷം ഇലക്ഷന്‍ ഇല്ലാതെ പൊതു സമ്മതരായി ഒരു വര്‍ഷം മുന്‍പ് ചുമതലയേറ്റ നിലവിലെ ഭരണ സമിതി വികാരിയുടെ നിയന്ത്രണത്തില്‍ വരാത്തതിന്റെ പകയില്‍ മൂന്ന് മാസം തികയുന്നതിന് മുന്‍പ് മാനേജിംഗ് കമ്മിറ്റിക്കെതിരെ അവിശ്വാസം കൊണ്ടുവന്നതിനും പിന്നില്‍ വികാരിയാണ് എന്നത് ഇടവകയില്‍ പരസ്യമായ രഹസ്യമാണ്. അന്ന് ഇടവക ഒന്നടങ്കം ഭരണ സമിതിക്കൊപ്പം നിലകൊണ്ട് അവിശ്വാസം തള്ളിയത് വികാരിയുടെ ഭരണപരമായ ഇടപെടലുകള്‍ ഇടവകയ്ക്ക് താല്പര്യമില്ലാത്തതിനാലാണ്. വികാരിയുടെ തന്നിഷ്ട നിലപാടുകളോട് യോജിക്കാത്ത ഇപ്പോഴത്തെ ഭരണ സമിതിയെ വികാരിക്ക് താല്പര്യമില്ല. അതിനാല്‍ വികാരിക്ക് താല്പര്യമുള്ളവരെ ഉള്‍പ്പെടുത്തി പള്ളി നിര്‍മ്മാണ കമ്മിറ്റി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് മാനേജിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി വികാരി പള്ളിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കുവാന്‍ ശ്രമിക്കുകയാണ്.kot2

ഇടവക പൊതുയോഗ തീരുമാനം തിരുത്തിയാണ് ഇത്തരത്തില്‍ സമിതി ഉണ്ടാക്കിയതെന്നാണ് ഇടവകക്കാരുടെ ആരോപണം. പള്ളി പണിയില്‍ വികാരിക്ക് രഹസ്യ അജണ്ട ഉള്ളതായി ഇടവകാംഗങ്ങള്‍ വിശ്വസിക്കുന്നു. നിലവില്‍ 6 മാസം പിന്നിട്ടിട്ടും പള്ളിയുടെ എസ്റ്റിമേറ്റ് പോലും ലഭിച്ചിട്ടില്ലെന്നതാണ് കൗതുകം. വികാരിയുടെ വേണ്ടപ്പെട്ട വ്യക്തിയാണ് പ്ലാന്‍ വരച്ചതും പള്ളി പണിയുന്നതിന് കരാര്‍ ഒപ്പിട്ടതും. ഇക്കാരണങ്ങളാണ് സംശയമുന വികാരിക്ക് നേരെ ചൂണ്ടുന്നത്. വികാരിയുടെ പ്രവര്‍ത്തന രീതികളെയും നിഷേധ നിലപാടുകളെയും എതിര്‍ക്കുന്നവരെ വി.മദ്ബഹായില്‍ വച്ച് പരസ്യമായി അധിക്ഷേപിക്കുന്നതിനാല്‍ ഇപ്പോള്‍ ആരും പ്രതികരിക്കുന്നില്ല. പുന്നേക്കാട് പള്ളിയില്‍ പോയാല്‍ മുക്കാല്‍ മണിക്കൂര്‍ വി.കുര്‍ബ്ബാനയും, ഒന്നര മണിക്കൂര്‍ വി.മദ്ബഹായുടെ മഹത്വം കളയുന്ന വികാരിയുടെ അഭിനയവും, വികാര പ്രകടനങ്ങളും കാണാം എന്നാണ് ഒരു ഇടവകക്കാരന്‍ പറഞ്ഞത്. ഇടവക രണ്ടാവുന്ന തരത്തിലുള്ള നീക്കങ്ങളാണ് വികാരിയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇത് ഭരണ സമിതിയിലും ഇടവകയിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പല പ്രാവശ്യം സഭ പിതാക്കന്‍മാരെ പള്ളിയിലെ വസ്തുതകള്‍ അറിയിച്ചിട്ടും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും വിശ്വാസികള്‍ പറയുന്നു. ഒറ്റയാള്‍ ഭരണം ഇഷ്ടപ്പെടുന്ന വികാരിക്ക് ഭരണസമിതിയുടെ ഭരണത്തില്‍ ഒട്ടും താല്പര്യമില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വരുന്ന ഞായറാഴ്ച ചേരുന്ന പള്ളിയുടെ വാര്‍ഷിക യോഗത്തില്‍ വികാരിയുടെ അഭിനയ പ്രകടനങ്ങള്‍ കാണണമെങ്കില്‍ താങ്കള്‍ വന്നോളൂ എന്നാണ് ഇടവകാംഗം ഞങ്ങളുടെ ലേഖകനോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top