തളിപ്പറമ്പ്: സിനിമാ തിയേറ്ററില്‍ നിന്ന് വീണുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാട്ടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഉണ്ടപ്പറമ്പിലെ മുഹമ്മദ് സലീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഈ മാസം 12ന് നഗരത്തിലെ ക്ലാസിക് തിയേറ്ററില്‍ വച്ചായിരുന്നു സംഭവം. സിനിമ കാണാനെത്തിയ സലീമിന്‍റെ ബന്ധു കൂടിയായ ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടത് തിയേറ്ററിനകത്തുനിന്നും സലീമിന് കിട്ടിയിട്ടും തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാണിച്ചുവെന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പേഴ്സില്‍ വലിയ തുകയുണ്ടായിരുന്നതിനാല്‍ ഉടമയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തിയേറ്ററിനകത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ സലീം പേഴ്സ് നിലത്ത് നിന്നെടുത്ത് പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും ചോദിച്ചപ്പോള്‍ താന്‍ പേഴ്സ് കണ്ടില്ലെന്നായിരുന്നു മറുപടി. സിസിടിവി ദൃശ്യത്തേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ മാത്രമാണ് ഇത് തിരികെ നല്‍കിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.