കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പകര്‍ത്തിയ നഗ്‌നചിത്രങ്ങളും വീഡിയോയും പള്‍സര്‍ സുനി നായക നടനു കൈമാറിയതായി സൂചന. യുവനടിയെ തട്ടികൊണ്ടുപോയശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്നു മറ്റു ഫോണുകളിലേക്കു പകര്‍ത്തിയെന്നു സൂചന. ഈ ദൃശ്യങ്ങള്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് നടന് കൈമാറിയതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്ത നടന്റെ സുഹൃത്തായ അഭിഭാഷകനാണ് ദൃശ്യം വാങ്ങിയതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. എന്നാല്‍, അഭിഭാഷന്റെ ഓഫിസ് സംഭവത്തില്‍ വിവാദത്തിലായ നായകനടനും മുഖ്യ പ്രതി പള്‍സര്‍ സുനിയും ഒരുമിച്ച് ഫെബ്രുവരി 10ന് ബംഗളുരുവിലേക്ക് വിമാന യാത്ര നടത്തിയെന്ന ആരോപണത്തേത്തുടര്‍ന്ന് അന്വേഷണസംഘം വിമാനത്താവളത്തില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
നായകനടന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളുരുവിലേക്കു യാത്ര തിരിച്ചതിന്റെ വിവരങ്ങള്‍ മാത്രമാണ് പോലീസിനു ലഭിച്ചത്. സുനി യാത്ര ചെയ്തത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നായകനടനൊപ്പം പള്‍സര്‍ സുനിയെത്തിയെന്ന് ബംഗളുരു വിമാനത്താവളത്തിലെ ജീവനക്കാരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ പരിശോധന നടത്തിയ സംഘത്തിന് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞവീട്ടില്‍നിന്ന് ടാബ്ലെറ്റും നിരവധി മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ലഭിച്ചിരുന്നു.
ഇതിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.മൊഴി മാറ്റം കുഴയ്ക്കുന്നു പ്രതികള്‍ക്ക് ഒളിസങ്കേതം ഒരുക്കിയ ചാര്‍ളിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. പള്‍സര്‍ സുനിയെ അറിയില്ലെന്നും വിജീഷ് സുഹൃത്താണെന്നും നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുനിയെയും വിജീഷിനേയും കോയമ്പത്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചാള്‍സ് മുങ്ങിയിരുന്നു. വിജീഷിന്റെയും ചാള്‍സിന്റെയും ഉറ്റ സുഹൃത്തിന്റെ മസകളിപാളയത്തുള്ള വീട്ടിലേക്കാണ് ഇയാള്‍ പോയതെന്നാണ് വിവരം. പ്രതികളെ അന്വേഷിച്ച് കോയമ്പത്തൂരിലെത്തിയ കേരളാ പോലീസ് തമിഴ്നാട് പോലീസിനെ വിവരം അറിയിച്ചിരുന്നില്ല.
സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയാണെന്ന് കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലിം എന്നിവര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനി വിജീഷ് എന്നിവരെ വാഗമണ്ണിലെത്തിച്ച് തെളിവെടുത്തു. കോയമ്പത്തൂരില്‍നിന്നു രക്ഷപ്പെട്ടശേഷം വാഗമണ്ണിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനിയെയുംകൊണ്ട് തെളിവെടുപ്പ് നടത്തിയത്.
സുനി മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ സംബന്ധിച്ച് വിരുദ്ധ മൊഴികളാണ് സുനി നല്‍കുന്നത്. കൊച്ചിയില്‍ കീഴടങ്ങാനെത്തിയ ദിവസം ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്നു കായലിലേക്ക് എറിഞ്ഞുവെന്നാണ് ഇപ്പോള്‍ പറയുന്നത്. വെളുത്ത സാംസങ് മൊബൈലിലാണ് ദൃശ്യങ്ങളെന്ന് സുനി പറഞ്ഞിരുന്നു. നേരത്തെ വെണ്ണലയിലെ കാനയിലേക്ക് മൊബൈല്‍ എറിഞ്ഞുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.