രാഷ്ട്രീയ ലേഖകൻ
കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സരിത എസ്.നായരെ സ്ഥാനാർതിയാക്കി രംഗത്തിറക്കാൻ ഒരു സംഘം ബാർ ഉടമകൾ നടപടികൾ ആരംഭിച്ചതായി സൂചന. കോട്ടയം നഗരത്തിലെ പ്രമുഖ ബാർ ഉടമയുമായി ബാർ അസോസിയേഷൻ സംസ്ഥാന ഭാരവാഹി സംസാരിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പുറത്തായത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സരിത എസ്.നായർ സ്ഥാനാർഥിയായാൽ തിരഞ്ഞെടുപ്പു ചിലവുകൾക്കു ശേഷം അഞ്ചു കോടി രൂപ പ്രതിഫലമായി നൽകാമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ ദിവസം എറണാകുളത്തു ചേർന്ന ബാർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എം സുധീരൻ, കെ.ബാബു, കെ.എം മാണി എന്നിവർക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥികൾക്കു വേണ്ട സാമ്പത്തികവും രാഷ്ട്രീയവുമായ പിൻതുണ നൽകാൻ തീരുമാനിച്ചത്. ഈ ചർച്ചകൾക്കിടെയാണ് സരിത എസ്.നായരെ ഉമ്മൻചാണ്ടിക്കെതിരെ മത്സരിപ്പിക്കാൻ രംഗത്തിറക്കാൻ ബാർ ഉടമ അസോസിയേഷൻ സംഘം തീരുമാനിച്ചത്.
ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളുകൾക്കു പ്രത്യേകം സാമ്പത്തിക സഹായം നൽകുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനും പ്രത്യേക പിരിവു നടത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുമോ എന്നു സരിതയുടെ അഭിപ്രായം തേടുന്നതിനായി ദൂതൻമാരെ നിയോഗിക്കുന്നതിനും ബാർ ഉടമ അസോസിയേഷൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സരിതയുമായി ഏറെ അടുപ്പമുള്ള ബാർ ഉടമയെയാണ് അസോസിയേഷൻ നിയോഗിച്ചിരിക്കുന്നത്.
അടുത്ത ദിവസം തന്നെ ഇദ്ദേഹം സരിതയുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം മാർ്ച്ച് ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുകയും ചെയ്യും.