പുതുപ്പള്ളി :
പുതുപ്പള്ളിയിൽ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തമ്മിലടിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രവർത്തകരുടെ തമ്മിലടിയിൽ ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമത്തിലാണ് ഉമ്മൻചാണ്ടി.ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം ശനിയാഴ്ച കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി പുതുപ്പള്ളിയിലെ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് മാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. എന്നാൽ ലിസ്റ്റ് പുറത്ത് വന്ന ഉടൻ പുതുപ്പള്ളി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ജില്ലാതല നേതാവ് സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും ലിസ്റ്റ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാത്രി 9 മണിയോടെ സംസ്ഥാന സെക്രട്ടറി ലിസ്റ്റ് മരവിപ്പിച്ചതായി പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ ചൊല്ലി ഉമ്മൻചാണ്ടിയുടെ വീട്ടിൽ പ്രവർത്തകർ തമ്മിൽ ആശയ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ജില്ലാ നേതാവ് തനിക്ക് പ്രിയപ്പെട്ടവരെ ഭാരവാഹി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായിരുന്നു തമ്മിലടിക്ക് കാരണം.എന്നാൽ ജില്ലാ നേതാവും നിയോജമണ്ഡലം നേതാവും ഈ നീക്കങ്ങൾ നടത്തിയതും സംസ്ഥാന കമ്മിറ്റിയിൽ സ്വാധീനം ചെലുത്തി ലിസ്റ്റ് മരവിപ്പിച്ചതും ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെ ആയിരുന്നില്ല എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തുടർന്ന് ജാതിമത സമുദായ സമവാക്യങ്ങൾ പാലിച്ചു താൻ നൽകിയ ലിസ്റ്റിൽ കൈകടത്തിയ ജില്ലാ നേതാവിനെതിരെ ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചു. പഴയ ലിസ്റ്റ് തന്നെ ഉടൻ പുറത്തു വരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.