തിരുവനന്തപുരം: ഇ അഹമ്മദ് എംപി ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുസ്ലിംലീഗ് രാജ്യസഭാംഗം പിവി അബ്ദുള്‍ വഹാബ് എംപി.
പാര്‍ലമെന്റില്‍ കുഴഞ്ഞ വീണ് ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് തൊട്ടു പിന്നാലെ തന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും അബ്ദുള്‍ വഹാബ് എംപി വെളിപ്പെടുത്തി. മനോരമ ന്യൂസിന്റെ കൗണ്ടര്‍പോയിന്റിലാണ് അബ്ദുള്‍ വഹാബ് എംപി ഇക്കാര്യം പറഞ്ഞത്.
ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇ അഹമ്മദ് മരിച്ചിരുന്നുവെന്ന് തന്നോട് പറഞ്ഞത് ഒരു കേന്ദ്രമന്ത്രിയാണെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. എന്നാല്‍ ആ കേന്ദ്രമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ അബ്ദുള്‍ വഹാബ് തയ്യാറായില്ല.എന്നാല്‍ കൂടുതല്‍ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായാല്‍ താന്‍ ആ പേര് വെളിപ്പെടുത്തുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോള്‍ അഹമ്മദ് എംപിക്ക് ജീവനുണ്ടായിരുന്നുവെന്നും ബുധനാഴ്ച പുലര്‍ച്ച 2.15ന് തന്നെയാണ് മരിച്ചത് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. മറ്റ് യാതൊരു വിധ സ്വാധീനവും തങ്ങളുടെ മേല്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ മരണവിവരം മറച്ച് വെച്ചെന്നുമാണ് ബന്ധുക്കളും പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്.