മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ.ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേര്‍ന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു.
പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല. പോലീസിലെ പ്രശ്നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി. പരാതി എഴുതി കൊടുത്തിട്ടില്ല എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എഴുതിക്കൊടുക്കാൻ പോകുന്നതേയുള്ളൂവെന്ന് പിവി അൻവർ. പി ശശിയ്ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കി.