പാലക്കാട് :പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കാനെത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ ഉദ്യോഗസ്ഥനെ അന്‍വര്‍ അപമാനിച്ചു വിട്ടു.
കണ്ണൂരില്‍ എഡിഎമ്മിന്റെ യാത്ര അയപ്പില്‍ പിപി ദിവ്യ നടത്തിയതിന് സമാനമായ അപമാന വാക്കുകള്‍ ഉദ്യോഗസ്ഥനെതിരെ അന്‍വര്‍ ചുമത്തുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അടിമത്വ ഭാവത്തില്‍ പെരുമാറുന്ന രാഷ്ട്രീയ നേതാക്കളുടെ സമീപനം തന്നെയാണ് ആ ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നത്. എന്നാല്‍ വളരെ സമചിത്തതയോടെ ആ ഉദ്യോഗസ്ഥന്‍ പെരുമാറി. തിരഞ്ഞെടുപ്പ് തലേന്ന് അറസ്റ്റ് നാടകത്തിനായുള്ള അന്‍വറിന്റെ രാഷ്ട്രീയ ബുദ്ധിയാണ് ഈ ഉദ്യോഗസ്ഥന് മുന്നില്‍ തകര്‍ന്ന് വീണത്.
വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അന്‍വറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ലെന്ന് പറഞ്ഞ് ആ ഉദ്യോഗസ്ഥനെ വ്യക്തിപമായി അധിക്ഷേപിക്കുന്ന വാക്കുകളും ഉയര്‍ത്തി. നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥനെ കൊണ്ട് ചട്ടവും നിയമവും എല്ലാം വായിപ്പിക്കുന്ന അവസ്ഥയിലേക്ക് അന്‍വര്‍ പോവുകയും ചെയ്തു.
ചേലക്കരയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരി. എല്ലാ ജീവനക്കാരും കമ്മീഷന്റെ പരിധിയിലാണ്. കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് ചുമതയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടാണ് നോട്ടീസ് നല്‍കാനെത്തിയത്. അന്‍വറിനെ അറസ്റ്റു ചെയ്യാനും ജയിലിലേക്ക് അയക്കാനുമെല്ലാം അധികാരമുള്ള ഉദ്യോഗസ്ഥന്‍. അങ്ങനെ ജ്യൂഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥനോട് കയര്‍ത്താല്‍ അറസ്റ്റ് സംഭവിക്കുമെന്ന് അന്‍വര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരമൊരു രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ അന്‍വറിന് ആ ഉദ്യോഗസ്ഥന്‍ അവസരം നല്‍കിയില്ല. വ്യക്തിപരമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചിട്ടും നിലമ്പൂര്‍ എംഎല്‍എയുടെ ചതിക്കുഴിയില്‍ ആ ഉദ്യോഗസ്ഥന്‍ വീണില്ലെന്നിടത്താണ് അന്‍വര്‍ തകര്‍ന്നു പോയത്. ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചാണ് പത്ര സമ്മേളനം നടത്തുന്നത് എന്നടക്കം അന്‍വര്‍ വിശദീകരിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോർട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോൾ നോട്ടീസ് നൽകിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല.