കൊച്ചി:മാനസ എന്ന ഡെന്റല്‍ ഡോക്‌ടറെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കൊലയാളിയായ രാഹില്‍ കൊണ്ടുവന്നത് പല ഭാഗങ്ങളായി വേര്‍തിരിച്ചാനിന്നു സൂചന. കൊലയ്‌ക്കുശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയ കണ്ണൂര്‍ സ്വദേശി രാഹില്‍ തോക്ക് കണ്ടു മനസിലാക്കാനും പരിശീലിക്കാനുമാണു ബീഹാറില്‍ പോയതെന്നാണു കരുതുന്നത്. ഇതിനു ബീഹാറിയായ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാനാണു തോക്ക് അഴിച്ചെടുത്ത് കൊണ്ടുവന്നത്. കേരളത്തിലെത്തി തോക്ക് കൂട്ടിയോജിപ്പിക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
സെമി ഓട്ടോമാറ്റിക് ആയ പിസ്‌റ്റല്‍ ആണു കൊലപാതകത്തിന് ഉപയോഗിച്ചത്. സുരക്ഷിതത്വം കുറവായതിനാലാവാം റിവോള്‍വര്‍ വാങ്ങാതിരുന്നത്. റീ അസംബിള്‍ ചെയ്‌തതാണോ എന്നു ബാലിസ്‌റ്റിക് പരിശോധനയിലേ അറിയാനാവൂ. തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്കു പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു വ്യാജ തോക്കുകള്‍ എത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും ഇത്തരത്തില്‍ തോക്കുകള്‍ എത്തിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. പക്ഷേ, ബിഹാറില്‍നിന്നാണു തോക്കു വാങ്ങിയതെങ്കില്‍ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്‌ഥാന പോലീസിനു പരിമിതികളുണ്ട്. രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികള്‍ വഴിയാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തുന്നത്.
പ്രഹരശേഷി കൂടുതലുള്ള പിസ്‌റ്റള്‍ ലഭിക്കുക എളുപ്പമല്ലെന്നതിനാല്‍ വ്യാജ തോക്ക് കടത്തുന്നവരില്‍ നിന്നാകാം രാഖിലിന് ഇതു ലഭിച്ചതെന്ന നിഗമനത്തിലാണു പോലീസ്. ബാലിസ്‌റ്റിക് വിദഗ്‌ധര്‍ തോക്കു പരിശോധിച്ച ശേഷം നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത വരൂ. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന തിരകളുടെ ശേഷിയും ലഭ്യതയും എല്ലാം പരിശോധിക്കണം. തോക്കിന്റെ നിര്‍മാണം, തിരകളുടെ പ്രത്യേകത, തോക്കിന്റെ ഘടനയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ, വിദേശ നിര്‍മിതമാണോ, തുടങ്ങിയ കാര്യങ്ങള്‍ ബാലിസ്‌റ്റിക് വിദഗ്‌ധര്‍ പ്രഥമികമായി വിലയിരുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.
അതേസമയം പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ.മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു.കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.