ദുബായ് :ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഖത്തറിലെ പതിനായിരക്കണക്കിന്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍ !..പതിനായിരക്കണക്കിന് മലയാളികളാണ് അവിടെ കഴിയുന്നത്. അറബ് രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ പേരില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുമ്പോള്‍ അമേരിക്കയുള്‍പ്പെടെ മറ്റ് രാജ്യങ്ങളും ഖത്തറിനെതിരെ നീങ്ങും. മറ്റ് രാജ്യങ്ങളുടെ വിമാന സര്‍വീസ് മുടങ്ങുന്നതോടെ ഖത്തറിലേക്കുള്ള യാത്ര ദുഷ്‌കരമാകും. മറ്റ് അറബ് രാജ്യങ്ങളിലൂടെ വിമാനം പറത്താന്‍ അവരാരും സമ്മതിക്കില്ല.അവിടെ ബിസിനസ് നടത്തുന്ന മലയാളികളും കുടുംബ സമേതം താമസിക്കുന്ന മലയാളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.യുഎഇയില്‍ നിന്നുള്ള എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ വിമാനങ്ങളാണ് ദോഹയിലേയ്ക്കുള്ള വിമാന സര്‍വീസ് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായ് ഇതിനകം സര്‍വീസ് നിര്‍ത്തലാക്കിക്കഴിഞ്ഞു. വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ദോഹയില്‍ 00974 4 4227350/51 എന്ന നമ്പരിലും ദുബായില്‍ (00971) 600 544445 എന്ന നമ്പരിലും ബന്ധപ്പെട്ട് പണം തിരികെ കൈപ്പറ്റണമെന്ന് അധികൃതര്‍ പറഞ്ഞു.മുസ്ലീംബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഈ രാജ്യങ്ങള്‍ ആരോപിക്കുന്നത്. റിയാദ് അതിര്‍ത്തികളെല്ലാം അടച്ചതായി സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ അറിയിച്ചു. ഈജിപ്തും വായുജലഗതാഗതങ്ങള്‍ അടച്ചു. ഖത്തറിലേക്കുള്ള വ്യോമ, നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു.
ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രാജ്യങ്ങളുമായുള്ള ഭിന്നത രൂക്ഷമായിരുന്നു. ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. നേരത്തെ ഇതുസംബന്ധിച്ച ചില വാര്‍ത്തകള്‍ ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും, ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. എങ്കിലും അതിനെ തുടര്‍ന്ന് കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും അത് ഫലം കണ്ടില്ല. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം അല്‍പ സമയം മുമ്പുണ്ടായിരിക്കുന്നത്.
അബുദാബിയില്‍ നിന്നു ദോഹയിലേയ്ക്കുള്ള അവസാന വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നും ദോഹയില്‍ നിന്ന് അബുദാബിയിലേയ്ക്കുള്ള അവസാന വിമാനം പുലര്‍ച്ചെ നാലിനുമായിരിക്കുമെന്നും ഇത്തിഹാദ് എയര്‍വേയ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഇന്നത്തെ വിമാന സര്‍വീസ് പതിവുപോലെ തുടരും. നാളെ മുതല്‍ ഖത്തറിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റു വഴികള്‍ തേടണമെന്നും ടിക്കറ്റ് നിരക്ക് തിരിച്ചു നല്‍കുകയോ, തൊട്ടടുത്തെ മറ്റു രാജ്യങ്ങളിലേയ്ക്ക് സൗജന്യമായി മാറ്റി നല്‍കുകയോ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.എമിറേറ്റ്സ് വിമാനങ്ങള്‍ ഇന്ന് സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെങ്കിലും ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ മറ്റു വഴികള്‍ തേടണം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കും. കൂടാതെ തൊട്ടടുത്തെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് ടിക്കറ്റ് മാറ്റി നല്‍കുകയും ചെയ്യും. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ സര്‍വീസും ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കും. അതേസമയം, ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ സര്‍വീസ് തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യുഎഇയില്‍ നിന്ന് പ്രതിദിനം 14 സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നുണ്ട്.
മലയാളികളുള്‍പ്പെടെ യുഎഇയിലെ ഒട്ടേറെ ഇന്ത്യക്കാര്‍ ഖത്തറിലും ബിസിനസ് ചെയ്യുന്നവരാണ്. പല പ്രമുഖ കമ്പനികള്‍ക്കും ഖത്തറില്‍ നിരവധി ശാഖകളുണ്ട്. ഇവിടേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവര്‍ നിത്യേന യാത്ര ചെയ്യുന്നു. വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ ഇവരുടെ യാത്ര മുടങ്ങുകയും ഇത് ബിസിനസിനെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് പലരും ആശങ്കപ്പെടുന്നു. കൂടാതെ, വിനോദ സഞ്ചാരത്തിനും മറ്റുമായി വന്‍ തോതില്‍ ആളുകള്‍ അവധി ദിവസങ്ങളിലും മറ്റും ഖത്തറില്‍ നിന്ന് യുഎഇയിലേയ്ക്ക് വരാറുണ്ട്. ഇവിടെ നിന്ന് ഖത്തറിലേയ്ക്കും ധാരാളം സഞ്ചാരികള്‍ യാത്ര ചെയ്യുന്നു. ഇവരുടെയെല്ലാം യാത്ര മുടങ്ങുമെന്നാണ് കരുതുന്നത്. ഖത്തറിലും യുഎഇയിലുമായി കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുമുണ്ട്. ഭാര്യ ഖത്തറില്‍ നഴ്സും യുഎഇയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമുള്ള മലയാളി കുടുംബങ്ങള്‍ മാസത്തിലൊരിക്കല്‍ രണ്ടു സ്ഥലത്തേയ്ക്കുമായി യാത്ര ചെയ്യുന്നവരാണ്. ഇവരെല്ലാം ഗള്‍ഫിലെ പുതിയ സംഭവ വികാസങ്ങള്‍ വരും ദിവസങ്ങളില്‍ തങ്ങളെ ഏതു രീതിയില്‍ ബാധിക്കുമെന്ന് ഉറ്റു നോക്കുകയാണ്.
വ്യോമ മാര്‍ഗം കൂടാതെ, കര–ജല ഗതാഗതവും യുഎഇ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള ചരക്കു നീക്കവും നിലച്ചു. ഖത്തറുമായുള്ള എല്ലാ ബന്ധവും യുഎഇ വിച്ഛേദിച്ചതോടെ പ്രശ്നം എന്ന് അവസാനിക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നതിനെ തുടര്‍ന്നാണ് യുഎഇയും സൗദി, ബഹ്റൈന്‍, ഇൗജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചത്.യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പരോക്ഷമായിട്ടെങ്കിലും പിന്തുണ നല്‍കുന്ന ഒരു സാഹചര്യമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ സംഘടനകളെ ഖത്തര്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നുവെന്നതാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള കാരണമായി സൗദി ഉത്തരവില്‍ പറയുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഖത്തറുമായുള്ള ബന്ധം തുടര്‍ന്നും നിലനിറുത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ഉത്തരവിലുണ്ട്. നയതന്ത്രബന്ധം മാത്രമല്ല, ഖത്തറുമായി പുറമെയുള്ള ബന്ധം നിലനിറുത്തുക അസാധ്യമാണെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.വലിയ തോതിലുള്ള ഒരു അകല്‍ച്ചയാണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തും ഒമാനും മറ്റും ഒരു തരത്തിലുള്ള അനുരജ്ഞന ചര്‍ച്ചകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല. സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ യമനില്‍ യുദ്ധം തുടരുകയാണ്. ഖത്തറും അതിന്റെ ഭാഗമാണ്. ഖത്തറിനെ അതില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി നയതന്ത്രഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുക മാത്രമാണ് നേരത്തെ ഈ രാജ്യങ്ങള്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വലിയ വ്യാപ്തിയിലേക്കാണ് ഈ അകല്‍ച്ച വ്യാപിച്ചിരിക്കുന്നത്